Uncategorized

മുസ്ലീം യൂത്ത് ലീ​ഗ് ദേശീയ സമ്മേളനം 2027 നവംബറിൽ ഉത്തർപ്രദേശിൽ; കശ്മീരിൽനിന്ന് കന്യാകുമാരി വരെ ‘യുവഭാരത് യാത്ര’

ന്യൂഡൽഹി: മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂർണ ദേശീയ സമ്മേളനം 2027 നവംബർ 5,6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി അഡ്വ.ഷിബു മീരാനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരം യുവാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബർ 30-നുള്ളിൽ സംസ്ഥാന സമ്മേളനങ്ങൾ നടക്കും. ദേശീയ സമ്മേളന പ്രചാരണർത്ഥം കശ്മീരിൽനിന്നും കന്യാകുമാരി വരെ‘യുവ ഭാരത് യാത്ര’ സംഘടിപ്പിക്കും. 2027 മാർച്ച്‌ – ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന ‘യൂത്ത് ലീഗ് യുവ ഭാരത് യാത്ര’ ആദ്യഘട്ടത്തിൽ കശ്മീരിൽനിന്ന് തുടങ്ങി ബീഹാറിലെ കിഷൻ ഗഞ്ചിൽ സമാപിക്കും. രണ്ടാം ഘട്ടത്തിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് തുടങ്ങി കന്യാകുമാരിയിലും സമാപിക്കും.

ആൾക്കൂട്ട ആക്രമണങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ അഹിംസ ആക്ട് എന്ന പ്രത്യേക നിയമം ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പങ്കെടുക്കുന്ന സംഗമം സംഘടിപ്പിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നാൽപതോളം ഇരകളുടെ കുടുംബാംഗങ്ങൾ, നിയമ വിദഗ്ധർ, ജന പ്രതിനിധികൾ, ആക്റ്റീവിസ്റ്റുകൾ എന്നിവർ ഡൽഹിയിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുമെന്നും യൂത്ത് ലീ​ഗ് നേതാക്കൾ അറിയിച്ചു.. ഇവരിൽ നിന്നടക്കം നിർദേശങ്ങൾ സ്വീകരിച്ച് അഹിംസ ആക്ടിന്റെ കരട് നിർദേശങ്ങൾ തയ്യാറാക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചതായും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ട്രഷറർ അൻസാരി മദാർ, ദേശീയ സെക്രട്ടറി സികെ ശാക്കിർ എന്നിവരും ഡൽഹി ഖാഇദേ മില്ലത്ത് സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button