ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ടു: ബലാത്സംഗം ചെയ്യാന്‍ മൂന്ന് സുഹൃത്തുക്കളെ അയച്ചു; നാല് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ 18കാരിയായ മ്യാൻമർ സ്വദേശിനിയായ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട ശേഷം സുഹൃത്തുക്കളെ അയച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ഫയാസ് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലിസ് കേസെടുത്തു. അഹമ്മദ് മുജീബ്, നൂർ കമൽ, സിയ ഉർ റഹ്മാൻ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. പ്രതികളും മ്യാൻമർ സ്വദേശികളാണ്.ബംഗ്ലാദേശിൽവച്ച് കണ്ടുമുട്ടിയ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിൽ എത്തിയതിന് പിന്നാലെ മൂന്നോ നാലോ ദിവസത്തിനകം ഇവർ വിവാഹിതരായി.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതോടെ ഫയാസ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം പുറത്തുപോവുകയും പിന്നാലെ മൂന്ന് സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച് പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്താരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.
വാടക കുടിശിക വാങ്ങിക്കാനായി വീട്ടുടമ എത്തിയപ്പോഴാണ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുന്നത്. വീട്ടുടമയുടെ സഹായത്തോടെ യുവതി തന്റെ കുടുംബവുമായി ബന്ധപ്പെടുകയും പിന്നീട് ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. തുടർന്ന് ബന്ധുവായ മുഹമ്മദ് റഷീദിന്റെ സഹായത്തോടെ യുവതി പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




