Uncategorized

അതിതീവ്ര ചുഴലിക്കാറ്റായി മാറി ‘അര്‍ണബ്’; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, 53 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് നാളെ രാവിലെയോടെ ആന്ധ്രയിലെത്തും. അര്‍ണാബ് ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അപകടസാധ്യതയുള്ള മേഖലകളിലെ സ്‌കൂളുകള്‍ അടച്ചു. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി.

ബുധനാഴ്ചയോടെ അര്‍ണാബ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിരിക്കുന്നത്. വിശാഖപട്ടണത്ത് നിന്ന് 490 കിലോമീറ്ററും, കാക്കിനാഡയില്‍ നിന്ന് 560 കിലോമീറ്ററും, ബാപ്പട്ലയില്‍ നിന്ന് 730 കിലോമീറ്ററും അകലെയായിരുന്ന ചുഴലിക്കാറ്റ് നിലവില്‍ മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 20 ജില്ലകള്‍ക്കായി 27 കോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തുടനീളം തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. 4,711 ഗര്‍ഭിണികളെ സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും, ഇതിനോടകം 30,043 മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ നിന്ന് സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് തിരിച്ചെത്തിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 15 എന്‍ഡിആര്‍എഫ് ടീമുകളെയും വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒഡീഷ സര്‍ക്കാരും ആറ് തെക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള തീരദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27, 28 തീയതികളില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന 53 ട്രെയിനുകള്‍ റദ്ദാക്കി. വിജയവാഡ, രാജമുണ്ട്രി, മച്ചിലിപട്ടണം, നരസാപൂര്‍, ഭീമാവരം, കാക്കിനാഡ തുറമുഖം, ഗുണ്ടൂര്‍, വിശാഖപട്ടണം എന്നീ റൂട്ടുകളിലെ ട്രെയിന്‍ ഗതാഗതത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button