ഉടവാൾ കൈമാറി, പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് തുടക്കമായി; ഘോഷയാത്ര നാളെ കേരളത്തിൽ പ്രവേശിക്കും

തിരുവനന്തപുരം: നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കം. ചടങ്ങുകൾക്ക് മുന്നോടിയായുള്ള ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറ്റം രാവിലെ നടന്നു. പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്‍റെ ഉടവാൾ, കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഏറ്റുവാങ്ങി. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റെടുക്കുകയും ആചാരപ്രകാരം ദേവസ്വം മാനേജർ മോഹനന് കൈമാറുകയും ചെയ്തു.
ചടങ്ങിൽ എംഎൽഎമാരായ എം ആർ ബൈജു, സി കെ ഹരീന്ദ്രൻ, എം വിൻസന്‍റ്, പദ്മനാഭപുരം എംഎൽഎ ആർ ചെല്ലസ്വാമി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ, കമ്മിഷണർ ബി സുനിൽകുമാർ, കന്യാകുമാരി ജില്ലാ കളക്ടർ എം പ്രതാപ്, പൊലീസ് സൂപ്രണ്ട് അൻശുൽ നഗർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേരള, തമിഴ്‌നാട് സായുധ പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണറിനു ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ആനപ്പുറത്ത് പ്രൗഢിയോടെ എഴുന്നള്ളിയ തേവാരക്കെട്ട് സരസ്വതി ദേവി, വെള്ളിക്കുതിരപ്പുറത്തേറി വന്ന വേളിമല കുമാരസ്വാമി, പല്ലക്കിൽ മന്ദം മന്ദം നീങ്ങിയ മുന്നൂറ്റിനങ്ക ദേവി – ഈ മൂന്ന് ദിവ്യവിഗ്രഹങ്ങളും ഒന്നിച്ച് പ്രയാണം ആരംഭിച്ചപ്പോൾ ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് “ദേവീ ശരണം”, “സ്വാമി ശരണം” വിളികൾ ഉയർന്നു കേട്ടു. രാവിലെ ഒൻപതോടെയാണ് തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളിയത്. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും എഴുന്നള്ളിച്ചു. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും




