വോട്ട്ചോരി; പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ ബിജെപി, കേന്ദ്രമന്ത്രിമാരെയും, മുഖ്യമന്ത്രിമാരെയും കളത്തിലിറക്കും

ദില്ലി: വോട്ട്ചോരിയിലെ പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കളത്തിലിറക്കാൻ ബിജെപി. ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്രയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി ഉണ്ടാക്കിയിട്ടുണ്ട്.
അടുത്ത ഒന്ന് മുതൽ മൈതാനത്ത് ബിജെപിയും രംഗത്തിറങ്ങുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്ര ഒന്നാം തിയ്യതിയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും നടക്കും. രണ്ടാം തിയ്യതി അമിത് ഷായുടെ പദയാത്രക്കൊപ്പം മുഖ്യമന്ത്രിമാരും പങ്കെടുക്കും. 5 ന് ഹരിയാനയിൽ നയബ് സിംഗ് സൈനിക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും പദയാത്രക്കിറങ്ങും. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി രൂപീകരിച്ചാണ് പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിരുന്നു.




