ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവിൽ കോടതിയുടെ വിമർശനം; ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മറുപടി സത്യവാങ്മൂലം അംഗീകരിച്ചില്ല

കൊച്ചി: ഗുരുവായൂർ ദേവസ്വം ഓഡിറ്റിലെ പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ എങ്ങനെ തെരഞ്ഞെടുത്തു എന്ന് കോടതി ആരാഞ്ഞു. എന്താണ് മാനദണ്ഡമെന്നും കോടതി ചോദിച്ചു. ടെൻഡർ വിളിക്കാതെ ഇത്തരം നടപടിയിലേക്ക് പോകാൻ ആകുമോ എന്നും കോടതി ചോദിച്ചു.
സ്വകാര്യ വ്യക്തി ഇതിനായി പണം മുടക്കാമെന്ന് അറിയിക്കുന്നു. എന്തിനാണ് ദേവസ്വത്തിന് സ്വകാര്യ വ്യക്തിയുടെ പണം എന്നാണ് കോടതിയുടെ ചോദ്യം. ലോജിക്കൽ സ്റ്റെപ് ഇതിന് മുൻപ് ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ എന്താണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ നാല് വർഷമായി ഓഡിറ്റ് കൃത്യമായി നടക്കുന്നില്ല. ചാർട്ടേഡ് അക്കൗണ്ടിനോട് കണക്ക് കൃത്യമാക്കാൻ പറയൂ എന്നും കോടതി ആവശ്യപ്പെട്ടു. കോടതി നേരത്തെ പുറപെടുവിച്ച ഇടക്കാല ഉത്തരവിന് കൃത്യമായ മറുപടി നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി.സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.




