മരുന്നില്ല, സ്കാനിങ്-കീമോ യൂണിറ്റുകൾ പ്രവർത്തന രഹിതം, വാർഡുകളിൽ പൂച്ച പെറ്റു കിടക്കുന്നു; പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ദുരിതം പേറി രോഗികൾ

പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ദുരിതം പേറി രോഗികൾ. വൃത്തിഹീനമായ സാഹചര്യത്തിലും ആവശ്യത്തിന് മരുന്നില്ലാതെയും രോഗികൾ പാടുപെടുകയാണ്. ലക്ഷങ്ങൾ മുടക്കിയുള്ള സ്കാനിങ് കീമോ യൂണിറ്റുകൾ പ്രവർത്തന രഹിതമാണ്.
വാർഡുകളിൽ പൂച്ച പെറ്റു കിടക്കുകയും വൃത്തിഹീനമായ ശുചിമുറികളുമാണ് ആശുപത്രിയിലുള്ളത്.എന്നാൽ തിരിഞ്ഞു നോക്കാൻ വകുപ്പ് മന്ത്രി ഇതുവരേയും തയ്യാറായിട്ടില്ല. ഇൻജക്ഷൻ, ഡ്രിപ്പ്, ഷുഗർ പരിശോധിക്കുന്ന സ്ട്രിപ്പ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും രോഗികൾ പുറത്തുനിന്ന് വാങ്ങേണ്ടുന്ന സ്ഥിതിയാണ് ഉള്ളത്. ഒരേസമയം നാലുപേർക്ക് കീമോതെറാപ്പി നൽകാനുള്ള യൂണിറ്റുകൾ പൂർണമായും അടച്ചിട്ടിരിക്കുന്നു. ഡോക്ടറില്ലാത്തതിനാൽ അൾട്രാസൗണ്ട് സ്കാനിങ്ങും ആശുപത്രിയിൽ മുടങ്ങിക്കിടക്കുകയാണ്.സംസ്ഥാന ഡ്രഗ് ടെസ്റ്റിംഗ് ലാബ് പ്രവർത്തനമില്ലാതെയും ഫിലിം ഇല്ലാത്തതിനാൽ അടഞ്ഞു കിടക്കുന്ന എക്സ്റേ യൂണിറ്റുകളുമാണ് ആശുപത്രിയിലുള്ളത്. യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല താറുമാറായിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ കുത്തഴിഞ്ഞ് കിടക്കുകയും ഗുരുതര ചികിത്സാ പിഴവുകൾ നിരന്തരം ഉണ്ടാകുകയും ചെയ്യുന്നു.




