Uncategorized

രണ്ട് വയസുകാരി ബാറ്ററി വിഴുങ്ങി, ആശങ്കയുടെ മണിക്കൂറുകൾ; ഒടുവിൽ ആശ്വാസം

വീട്ടിൽ കളിക്കുന്നതിനിടെ കൈയിൽ കിട്ടിയ കുഞ്ഞൻ ബട്ടൺ ബാറ്ററിയോട് തോന്നിയ രണ്ടു വയസ്സുകാരിയുടെ കൗതുകം. അബദ്ധത്തിൽ ആ ബാറ്ററി വിഴുങ്ങിയ, ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയെ എത്തിച്ചത് മരണം മുന്നിൽ കണ്ട ദിവസങ്ങളിലേക്കായിരുന്നു. വെള്ളം കുടിച്ചാൽ പോലും ശ്വാസകോശത്തിലേക്ക് ഇറങ്ങിപ്പോകുന്ന, ഏതു നിമിഷവും നിലയ്ക്കാവുന്ന ശ്വാസവുമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയ കുഞ്ഞിന് ഇത് രണ്ടാം ജന്മം.

പെരുമ്പാവൂർ ഒടക്കാലിയിൽ താമസിക്കുന്ന രാജേന്ദ്ര – പുഷ്പലത പാണ്ഡ ദമ്പതികളുടെ മകളായ പ്രിയാൻഷി കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ബാറ്ററി പുറത്തെടുത്തു. എന്നാൽ അതിലെ രാസവസ്തുക്കൾ കുട്ടിയുടെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലേൽപ്പിച്ചിരുന്നു. തുടർന്ന് രണ്ട് നാളങ്ങൾക്കുമിടയിൽ, ദ്വാരം രൂപപ്പെടുകയും കുട്ടി കുടിക്കുന്ന വെള്ളം ശ്വാസകോശത്തിലേക്ക് ഇറങ്ങി, ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ടായി.

മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുട്ടിയുടെ നില വഷളായതിനെത്തുടർന്നാണ് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തിയത്. ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രാത്രി ഏറെ വൈകിയും നടത്തിയ അതിസങ്കീ‍ർണമായ ശസ്ത്രക്രിയ വിജയം കണ്ടു.

കുട്ടിയുടെ അന്നനാളത്തിലെയും ശ്വാസനാളത്തിലെയും ദ്വാരം അടയ്ക്കാനായി. കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി; ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അഭിജിത്ത് ജോർജ്; ലാറിംഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. കാരുണ്യ ആർ. ഗോപാൽ; അനസ്‌തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. കവിത സദൻ, വോയിസ് ആൻഡ് സ്വാലോയിംഗ് പാത്തോളജിസ്റ്റ് ഹീര തോമസ്, സ്റ്റാഫ് നഴ്സ് ഹൃദ്യ എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

കഴുത്തിനും നെഞ്ചിനും ഇടയിൽ ഏറെ അപകടകരമായ ഭാഗത്തായിരുന്നു മുറിവെന്നും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളും ശ്വസനത്തെ സഹായിക്കുന്ന ഞരമ്പുകളും സ്ഥിതി ചെയ്യുന്നിടത്ത് ശസ്ത്രക്രിയ ചെയ്യുന്നത് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നും ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു.ശ്വസനത്തെയും സംസാരശേഷിയെയും സംരക്ഷിക്കുന്ന ഞരമ്പുകൾക്ക് പരിക്കേൽപ്പിക്കാതെ, കുട്ടിയുടെ ശ്വാസനാളത്തെയും അന്നനാളത്തേയും ഏറെ ശ്രദ്ധയോടെ വേർപെടുത്തേണ്ടിയിരുന്നു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് അതീവ സങ്കീർണാവസ്ഥയെ പരിഹരിച്ച് സർജറി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകളോളം കുട്ടി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ട്യൂബിലൂടെയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. കടുത്ത പനിയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഇതിനിടയിൽ ഉണ്ടായെങ്കിലും ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ കുട്ടി പൂർണ്ണ ആരോഗ്യവതിയായി. പ്രിയാൻഷി ഇപ്പോൾ സാധാരണ നിലയിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് നടത്തിയ പരിശോധനകളിൽ പൂർണ രോഗമുക്തിയും കാണിച്ചു. അതിലുപരി കൂട്ടിരുന്നവ‍ർക്കെല്ലാം ആശങ്കകളുടെ വേലിയേറ്റം സമ്മാനിച്ച ദിവസങ്ങൾക്ക് ആശ്വാസമായി അവളുടെ പുഞ്ചിരിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button