അക്രമിയെ നിലംപരിശാക്കും, കാറപകടത്തിൽ സഹായിയാകും; പുതിയ റോബോട്ടുമായി ചൈനീസ് റോബോട്ടിക്സ് കമ്പനി

ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രി തങ്ങളുടെ പുതിയ ഹ്യൂമനെയ്ഡ് റോബോട്ടായ ‘എച്ച്2-എക്സ് കുങ് ഫു ലെജൻഡ് ഗാർഡിയൻ’ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു ഡെമോ വീഡിയോ പുറത്തിറക്കിയിരിക്കയാണ്. കാർ വാതിലുകൾ ചവിട്ടിത്തുറക്കുക, ഏകദേശം 4 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുക, കത്തിയുമായി എത്തുന്ന ആക്രമണകാരിയെ നിരായുധനാക്കുക, വാഹനാപകടത്തിൽ പെട്ടയാൾക്ക് മേൽ പതിച്ച വാഹനം ഉയർത്തി മാറ്റുക തുടങ്ങി റോബോട്ടിന്റെ അമ്പരപ്പിക്കുന്ന കരുത്താണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
‘നിങ്ങളെ സംരക്ഷിക്കാൻ ശക്തമായ പ്രകടനവുമായി യൂണിട്രി അവതരിപ്പിക്കുന്നു: എച്ച്2-എക്സ് കുങ് ഫു ലെജൻഡ് ഗാർഡിയൻ. ഏകദേശം 8 മണിക്കൂർ വരെയാണ് ഇതിന്റെ മാക്സിമം സ്റ്റാമിന. ദയവായി റോബോട്ട് സുരക്ഷിതമായും സൗഹൃദപരമായും ഉപയോഗിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് കമ്പനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏകദേശം 8 മണിക്കൂർ വരെ പ്രവർത്തനക്ഷമതയുണ്ടെന്ന് യൂണിട്രി അറിയിച്ചിട്ടുണ്ടെങ്കിലും, വീഡിയോയിൽ കാണിച്ച കാര്യങ്ങൾ പൂർണ്ണമായും ഓട്ടോണമസ് ആണോയെന്നോ, പ്രതിരോധ-രക്ഷാപ്രവർത്തന സമയത്ത് ബാറ്ററിയുടെ പ്രകടനം എങ്ങനെയെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിലയോ വിപണിയിലെത്തുന്ന തീയതിയോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള അവരുടെ ‘എച്ച്2’ മോഡലിന് 29,900 ഡോളറിലാണ് (ഏകദേശം 25 ലക്ഷം രൂപയോളം) വില ആരംഭിക്കുന്നത്.
നിരവധി ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. റോബോട്ടിന്റെ മനുഷ്യനെ വെല്ലുന്ന ചലനങ്ങൾ കണ്ട് നിരവധി പേരാണ് അത്ഭുതം പ്രകടിപ്പിച്ചത്. വീഡിയോ കണ്ട ഒരാൾ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഉഫ്, ഇതൊരു സ്വപ്നമാണോ?’
‘റോബോട്ടുകളുടെ ചലനങ്ങൾ കൂടുതൽ മനുഷ്യ സമാനമായിക്കൊണ്ടിരിക്കുകയാണ്. യൂണിട്രി ഇത്രയും ദൂരം പിന്നിട്ട് കാണുന്നത് അത്ഭുതകരമാണ്’ എന്നായിരുന്നു മറ്റൊരു പ്രതികരണം.
‘ഇവയെ എന്തിനാണ് അക്രമങ്ങൾക്ക് പരിശീലിപ്പിക്കുന്നത്? പാവങ്ങൾക്ക് വീടുകൾ നിർമ്മിക്കുകയോ വെയർഹൗസ്, നിർമ്മാണ ജോലികൾ കൈകാര്യം ചെയ്യുകയോ പോലുള്ള മറ്റ് നിരവധി കാര്യങ്ങളുണ്ടല്ലോ’ എന്നായിരുന്നു മറ്റൊരു കമന്റ്.




