Uncategorized

ആഭ്യന്തര പരാതി പരിഹാര സെല്‍ പുനഃസംഘടിപ്പിച്ച് സിപിഐഎം; ടി എന്‍ സീമ അധ്യക്ഷയായി തുടരും

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ പരാതികള്‍ പരിഹരിക്കാനുള്ള ആഭ്യന്തര പരിഹാര സെല്‍ (ഐസിസി) സിപിഐഎം പുനഃസംഘടിപ്പിച്ചു. ടി എന്‍ സീമ അധ്യക്ഷയായി തുടരാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, പി കെ സൈനബ, എന്‍ ചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. അഭിഭാഷക ടി ഗീനാ കുമാരിയും ഐസിസിയില്‍ അംഗമാണ്. ഇ എന്‍ സുരേഷ് ബാബുവിനെതിരായ പരാതിയുടെ പശ്ചാത്തലത്തിലാണ് നേരത്തെയുണ്ടായിരുന്ന ഐസിസി സജീവമാക്കിയത്. ഐസിസിക്ക് പരിഹരിക്കാന്‍ പറ്റാത്ത പരാതികള്‍ പൊലീസിന് കൈമാറണമെന്ന് എം എ ബേബി നിര്‍ദ്ദേശിച്ചു.

മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി ഘടകങ്ങളില്‍ ആഭ്യന്തര പരിഹാര സെല്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെ കേരളത്തില്‍ സംസ്ഥാന കമ്മിറ്റി ഒരു ഐസിസി രൂപീകരിച്ചിരുന്നു. ടി എന്‍ സീമയായിരുന്നു അന്ന് തന്നെ അധ്യക്ഷയായി ഉണ്ടായിരുന്നത്. മറ്റുള്ള അംഗങ്ങളെ അന്ന് തീരുമാനിച്ചിരുന്നില്ല. പിന്നീട് ആ ഐസിസിക്ക് മുന്നിലേക്ക് ഏതെങ്കിലും പാരാതികള്‍ വരികയോ ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഐസിസി സജീവമായി നിലനിര്‍ത്തണമെന്നും സജീവമല്ലെങ്കില്‍ പുനസംഘടിപ്പിക്കണമെന്നും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം അവസാനിച്ച നേതൃയോഗത്തിലാണ് എം എ ബോബി ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ പരാതികള്‍ മാത്രം പരിശോധിക്കാനുള്ള കമ്മിറ്റി അല്ല ഐസിസി. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന എല്ലാ പരാതികളും ഇതിന് കീഴിലാകും വരിക. ഏതെങ്കിലും ഒരു ഘടകത്തിലെ അംഗത്തിനെതിരെ പരാതി ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നത്, തൊട്ട് ഉപരി ഘടകത്തിലുള്ള ഐസിസി ആയിരിക്കണം എന്നാണ് നിര്‍ദ്ദേശം. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കോ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കോ എതിരെ ഉയരുന്ന പാരാതിയാണ് സംസ്ഥാന ഐസിസി പരിഗണിക്കുന്നത്. കീഴ്ഘടകങ്ങളില്‍ എല്ലാം ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് സിപിഐഎം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button