തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചത് വൈകിയുണ്ടായ ഇടപെടൽ: ഡോ.ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി അയച്ച നോട്ടീസിൽ പ്രത്യേകിച്ച് ഒരു സന്തോഷമോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ ഒരു പ്രതീക്ഷയോ ഇല്ലയെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി. കാരണം, ഈ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും, പ്രത്യേകിച്ച് എസ് ഐ ആർ എത്രയോ കാലമായി സുപ്രീം കോടതിയുടെ പരിഗണനയിരുന്നുവെന്നും ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് ഐ ആർ ആരംഭിച്ചപ്പോൾ എല്ലാ പ്രതിപക്ഷ കക്ഷികളും സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നതും ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായി കോടതികളിൽ ബോധിപ്പിച്ചതുമാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
സുപ്രീം കോടതി അപ്പോഴൊക്കെ ഒരു കണ്ണടച്ച് ഒരു കണ്ണ് തുറക്കുന്ന ഒരു സമീപനം മാത്രമാണ് എടുത്തത്. സുപ്രീം കോടതി ഇടപെട്ടുണ്ടാക്കിയ ജുഡീഷ്യൽ ഓഫീസർമാരുടെ തീരുമാനങ്ങൾ പോലും വീറ്റോ ചെയ്യപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടും സുപ്രീം കോടതി അന്നൊന്നും ഇടപെട്ടിരുന്നില്ല. എന്നാൽ വൈകിയ വേളയിലാണെങ്കിലും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് നോട്ടീസിന്റെ രൂപത്തിൽ ഒരു നടപടി ഉണ്ടായി എന്നതിനെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു നിലപാടോ നടപടിയോ സമീപകാലത്ത് ഉണ്ടാകുന്നില്ല എന്നത് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദുരന്തങ്ങളിൽ ഒന്നാണ്. സുപ്രീം കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് ആയിട്ടുള്ള ഉജ്ജൽ ഭൂയാനെപ്പോലൊരു ജഡ്ജ് തന്നെ 13 കോടി ജനങ്ങളെ വോട്ടർമാർ അല്ലാതാക്കുന്ന നിലപാടിനെതിരെ തുറന്നടിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി റോഹിന്റൺ നരിമാൻ വ്യക്തമായി ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അതിനുശേഷവും ഒരു നോട്ടീസ് എങ്കിലും അയച്ചില്ലെങ്കിൽ തങ്ങളുടെ സ്ഥിതി എന്തായിരിക്കും, രാജ്യവും ജനങ്ങളും തങ്ങളെ എങ്ങനെയായിരിക്കും നോക്കിക്കാണുന്നത് എന്നതുകൊണ്ടായിരിക്കാം ഒരു നോട്ടീസിൽ തങ്ങളുടെ നടപടി ഒതുക്കിയത് എന്നും അദ്ദേഹം പറഞ്ഞു.പക്ഷേ, ഈ നോട്ടീസിന്റെ അനുബന്ധമായി ശക്തമായ നിലപാടും നടപടിയും തീരുമാനങ്ങളും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. മുൻകാല സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് രാജ്യമാകെ വലിയൊരു എതിർവികാരം ഇലക്ഷൻ കമ്മീഷനെതിരെയും വിശേഷിച്ച് മുഖ്യ കമ്മീഷണർക്കെതിരെയും വരുമ്പോൾ സുപ്രീം കോടതിക്ക് അത് കാണാതെ പോകാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാലു വിരൽ ചൂണ്ടപ്പെടുമ്പോൾ ഒരു വിരൽ സുപ്രീം കോടതിക്കെതിരെയാണെന്ന കാര്യം അവർ തിരിച്ചറിയുന്നുണ്ട്. അതിന്റെ വെളിച്ചത്തിൽ കൂടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഈ നോട്ടീസ് വന്നതെന്നും അദ്ദേഹം പറഞ്ഞു.




