നെല്ലിയോടി – കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസിന് തുടക്കമായി; മലയോരവാസികൾക്ക് വലിയ ആശ്വാസം

കേളകം: കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടി നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമായ പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസിന് തുടക്കമായി. നെല്ലിയോടിയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. നെല്ലിയോടിക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.
നെല്ലിയോട് സെന്റ് ജൂഡ് പള്ളി വികാരി ഫാദർ നിഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ഷാജി തെങ്ങുംപള്ളി, ജോണി ആമക്കാട്ട്, പ്രദേശവാസി ഷാജി അടുപ്പുകല്ലേൽ എന്നിവർ സംസാരിച്ചു.
ദിവസവും രാവിലെ 07:30-ന് നെല്ലിയോടിയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ബസ്, വൈകുന്നേരം 06:40-ന് കണ്ണൂരിൽ നിന്ന് തിരിച്ച് നെല്ലിയോടിയിലേക്ക് സർവീസ് നടത്തും. മുൻപ് മൂന്നിലധികം ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചത് പ്രദേശവാസികൾക്കും നിത്യയാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.



