കൗൺസിൽ യോഗത്തിൽ സുഗതൻ വ്യാജ ഒപ്പിട്ടു; ആരോപണം വ്യാജം, ഡെപ്യൂട്ടി മേയർ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്. ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപാണ് അറ്റൻഡൻസ് രജിസ്റ്റർ കൊണ്ടുവരുന്നത്. കഴിയുന്നതിനു മുൻപ് അത് കൊണ്ടുപോകുകയും ചെയ്യും. ഒപ്പിട്ടതിനു പിന്നാലെ ഹാജർ പുസ്തകം ക്ലോസ് ചെയ്യുകയും ചെയ്യും. സുഗതൻ പങ്കെടുത്ത കൗൺസിലിൽ അദ്ദേഹം ഒപ്പിട്ടിട്ടുണ്ടെന്നും ആശാനാഥ് പറഞ്ഞു.കൗൺസിൽ ഹാളിലെ സിസിടിവി പ്രവർത്തന സജ്ജമാണോ എന്നറിയില്ല. സിസിടിവി ദൃശ്യങ്ങളുടെ കസ്റ്റോഡിയൻ മേയറും സെക്രട്ടറിയുമാണ്. പൊലീസുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
തുടർച്ചയായ മൂന്ന് കൗൺസിലിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകുമെന്ന വ്യവസ്ഥ മറികടക്കാൻ ആണ് വ്യാജനിർമ്മിതി എന്നും ആക്ഷേപമുണ്ട്. 2026 ജൂൺ 29ന് നടന്ന കൗൺസിലിൽ ബിജെപി രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചത് കള്ളത്തരം മറക്കാനെന്ന് യുഡിഎഫും ആരോപണം ഉന്നയിക്കുന്നു. സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പുനൽകിയതായും പാർലമെന്ററി പാർട്ടി നേതാവ് കെ എസ് ശബരിനാഥന്റെ പ്രതികരണം. അതേസമയം ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസുമായി സഹകരിക്കുമെന്നും ഡെപ്യൂട്ടി മേയർ ജി ആശാനാഥ് വ്യക്തമാക്കി.നിലവിൽ FIR രജിസ്റ്റർ ചെയ്യാതെ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണ് വിഷയത്തിൽ അന്വേഷണം നടക്കുന്നത്. കോർപ്പറേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുവാനും , ആവശ്യമെങ്കിൽ ഫോറൻസിക് പരിശോധന നടത്താനുമാണ് തീരുമാനം.
ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതായി ആരോപിക്കുന്നത്. ഫെബ്രുവരി മുതൽ സുഗതൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, തുടർച്ചയായി ആറുമാസം കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമെന്ന ചട്ടം മറികടക്കാനാണ് ബി.ജെ.പി വ്യാജ ഒപ്പിട്ടതെന്നുമാണ് ആരോപണം.




