‘ഈ ഗാന്ധി ജയന്തി ദിനത്തിൽ മോദിക്കും ഷായ്ക്കും വേണ്ടി ഗ്യാനേഷ് കുമാർമാർ തകർത്ത ജനാധിപത്യമാണ് നാം തിരിച്ചുപിടിക്കേണ്ടത്’: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഗാന്ധി ജയന്തി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ‘ശക്തരായവർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ അശക്തർക്കും നൽകുന്ന ഒന്നായാണ് ഞാൻ ജനാധിപത്യത്തെ മനസിലാക്കുന്നത്’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. നമ്മുടെ രാജ്യത്തെ ജനാധിപത്യം രാഷ്ട്രപിതാവ് വിഭാവനം ചെയ്തതുപോലെ തന്നെയാണോ നിലനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.ഗ്യാനേഷ് കുമാറിന്റെ ചെയ്തികൾ ചൂണ്ടിക്കാണിക്കുന്നത് അതിന് വിരുദ്ധമായാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജനാധിപത്യ സംവിധാനം ഇവിടെ കാത്തുസൂക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ ബി ജെ പി, മോദി, അമിത് ഷാ, ആർ എസ് എസ് എന്നിവരുടെ താൽപര്യങ്ങൾക്കുവേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുകയാണ്. ഈ ഗാന്ധി ജയന്തി ദിനത്തിൽ നമ്മൾ പ്രതിജ്ഞ ചെയ്യേണ്ടത് ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാനാണ്. മോദിക്കും ഷായ്ക്കും വേണ്ടി ഗ്യാനേഷ് കുമാർമാർ തകർത്ത ജനാധിപത്യമാണ് നാം തിരിച്ചുപിടിക്കേണ്ടതെന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനമാണ്.
ഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്.




