Uncategorized

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിശ്ചയിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. മദ്യക്കുപ്പികള്‍ ഹോസ്റ്റലില്‍ എങ്ങനെ എത്തിയെന്നതും പുറത്തുള്ളവര്‍ എങ്ങനെ ഹോസ്റ്റലിനുള്ളില്‍ പ്രവേശിപ്പിച്ചുവെന്നതിലും വകുപ്പ് അന്വേഷണം നടത്തും. ഹോസ്റ്റലിനുള്ളിലേക്ക് നടന്ന ആക്രമണവും അന്വേഷിക്കും.

ഇന്നലെ രാത്രിയോടെ തലസ്ഥാനത്തുണ്ടായ സംഘര്‍ഷം തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

കോളേജ് കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി രംഗത്തെത്തി. പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് ഇതിനകം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button