Uncategorized

സ്ത്രീകളെ ആക്രമിച്ചും പണം കവർന്നും ക്രൂരത; സൗദി പൗരൻ്റെ വധശിക്ഷ നടപ്പാക്കി

സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും പണം കവരുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ റിയാദിൽ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ തലാൽ ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ മജ്ദൂഅ അൽ മഗ്രബിയുടെ ശിക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കിയത്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയും രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു നടപടി.

പ്രതി നിരവധി സ്ത്രീകളെ ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളാണ് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളെ പിന്തുടരുകയും പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി. പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി വലിച്ചുകീറുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തു. മറ്റൊരു സ്ത്രീയെയും സമാനമായ രീതിയിൽ ബലാത്സംഗം ചെയ്യാനും വസ്തുക്കൾ കവരാനും ഇയാൾ ശ്രമിച്ചിരുന്നു. കൂടാതെ, പ്രതി മാരക ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പരാതികളെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടർന്ന് കേസ് കോടതിക്ക് കൈമാറുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇസ്ലാമിക നിയമപ്രകാരം പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. വ്യക്തികളുടെ സുരക്ഷയെയും അന്തസ്സിനെയും സ്വത്തിനെയും ഹനിക്കുന്നതും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ കൊടിയ കുറ്റകൃത്യമായാണ് കോടതി ഇതിനെ വിലയിരുത്തിയത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെ വധശിക്ഷ അന്തിമമായി.

റിയാദ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. രാജ്യത്തെ പൊതുസുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും നീതി നടപ്പിലാക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. മറ്റുള്ളവരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ നിയമശിക്ഷ തന്നെ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button