Uncategorized

ഡേറ്റിംഗ് ആപ്പിലെ സൗഹൃദം തട്ടിപ്പിലേക്ക്; കൊച്ചിയില്‍ ഡോക്ടര്‍ക്ക് 1.57 കോടി നഷ്ടം

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഇടപ്പള്ളി സ്വദേശിയായ ഡോക്ടറില്‍ നിന്ന് 1.57 കോടി രൂപ തട്ടിയെടുത്തു. ബംബിള്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയാണ് ഡോക്ടറെ തട്ടിപ്പിന് ഇരയാക്കിയത്. ഡോക്ടറുടെ പരാതിയില്‍ കളമശേരി പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. ബംബിള്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീ ദുബായിലെ ഒരു സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

ഇതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ ഘട്ടങ്ങളായി ഡോക്ടറുടെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 1.57 കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്നാണ് ഡോക്ടര്‍ പൊലിസിനെ സമീപിച്ചത്.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയുടെ യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡേറ്റിംഗ് ആപ്പ് വഴിയുള്ള ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഡോക്ടര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വലിയ സൈബര്‍ തട്ടിപ്പ് സംഘമുണ്ടെന്നാണ് പൊലിസിന്‍റെ സംശയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button