സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ളതായി കെഎസ്ഇബി അറിയിച്ചു.
മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എന്നാൽ ഇത് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കിട്ടുക. പവർ എക്സ്ചേഞ്ച് വഴി 50 മെഗാവാട്ട് തരപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ പെയ്യുന്നതിനാൽ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
അതേസമയം ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് പിരിക്കും. പ്രതിമാസ, രണ്ടുമാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ഈടാക്കുക.
ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക.




