Uncategorized

ഇന്തോനേഷ്യയിൽ യാത്രാ ഫെറി ബോട്ട് മറിഞ്ഞു, 6 മരണം, 130 പേരെ കാണാനില്ല

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ യാത്രാ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർ പേർ കൊല്ലപ്പെട്ടു. 130 പേരെ അപകടത്തിൽ കാണാതായി. 107 പേരെയാണ് ഫെറിയിൽ നിന്ന് രക്ഷിക്കാനായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ ജാവയിലെ പ്രമുഖ നഗരമായ സുരബായയിൽ നിന്ന് ബോർണിയോ ദ്വീപിലെ സൗത്ത് കാളിമന്താൻ പ്രവിശ്യയിലുള്ള ബഞ്ചാർമാസിനിലേക്ക് സഞ്ചരിക്കുകയായിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച യാത്ര തിരിച്ച ബോട്ടുമായുള്ള ബന്ധം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നഷ്ടമായത്. ഫെറി എത്തിച്ചേരേണ്ടിയിരുന്ന ബഞ്ചാർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ജാവ കടലിൽ വെച്ചാണ് അപകടമുണ്ടായത്.

കടലിൽ ഉയർന്ന തിരമാലകളും ശക്തമായ കാറ്റും അനുഭവപ്പെടുന്നതായി ബോട്ടിന്റെ ക്യാപ്റ്റൻ നേരത്തെ സന്ദേശം നൽകിയിരുന്നു. പിന്നാലെ തന്നെ ബോട്ട് ചരിഞ്ഞുതുടങ്ങിയതായും വിവരമറിയിച്ചു. പിന്നീട് നടത്തിയ ഹെലികോപ്റ്റർ നിരീക്ഷണത്തിൽ ബോട്ട് തലകീഴായി മറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. അപകട വിവരമറിഞ്ഞതിനെ തുടർന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി, നാവികസേനയുടെ കപ്പലുകൾ, ഹെലികോപ്റ്ററുകൾ, സമീപത്തുണ്ടായിരുന്ന ടഗ്ബോട്ടുകൾ എന്നിവയുടെ സഹായത്തോടെ വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 2.5 മീറ്ററോളം ഉയർന്ന തിരമാലകൾ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. ദ്വീപുസമൂഹമായ ഇന്തോനേഷ്യയിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം ഫെറികളെയാണ്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും പ്രതികൂല കാലാവസ്ഥയും കാരണം ഇത്തരം അപകടങ്ങൾ അവിടെ പതിവാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button