രമ്യയുടെ കയ്യാങ്കളി വിവാദം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി; ചിറയിൻകീഴിൽ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തിരുവനന്തപുരം രമ്യ ഹരിദാസ്
എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡുകളിലും എൽഡിഎഫ് അട്ടിമറി വിജയം നേടി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ ആണു ജയിച്ചത്. 593 വോട്ടിനു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എൽഡിഎഫിലെ രമ്യ തുളസി 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.
രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കൾ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി കോൺഗ്രസിനു വലിയ തലവേദനയായിരുന്നു. കെപിസിസി നേതൃത്വം ഇടപെട്ട് എംഎൽഎയ്ക്കുൾപ്പെടെ താക്കീത് നൽകിയാണ് പ്രശ്നം അവസാനിപ്പിച്ചത്. എന്നാൽ പ്രദേശിക തലത്തിൽ പാർട്ടിയിൽ നിലനിന്ന അതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.




