Uncategorized

പത്തനംതിട്ടയിൽ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത യുവാവിനെതിരെ കൂടുതല്‍ പരാതികള്‍; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

റാന്നി: പത്തനംതിട്ട റാന്നിയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നദൃശ്യങ്ങള്‍ തയ്യാറാക്കിയ യുവാവിനെതിരെ വീണ്ടും പരാതി. പ്രതിയുടെ ലാപ്‌ടോപ്പില്‍ തന്റെയും മകളുടെയും ചിത്രങ്ങളുണ്ടെന്ന് കാട്ടി ഒരു വീട്ടമ്മയാണ് പൊലീസിനെ സമീപിച്ചത്. മോര്‍ഫിങ് കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയവരാണ് ലാപ്‌ടോപ്പില്‍ മകളുടെ അടക്കം ചിത്രങ്ങളുണ്ടെന്ന് വീട്ടമ്മയെ അറിയിച്ചതെന്നാണ് വിവരം. നഗ്നദൃശ്യങ്ങള്‍ തയ്യാറാക്കിയ യുവാവ് തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമോയെന്ന് ഭയമുണ്ടെന്ന് വീട്ടമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് സംഭവത്തില്‍ രണ്ട് സ്ത്രീകളുടെ പരാതികൾ റാന്നി പൊലീസിന് ലഭിച്ചത്. നാലാം തീയതി പ്രതിയായ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഈ സമയം ആദ്യം പരാതി നല്‍കിയവര്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഇവരാണ് നാട്ടുകാരായ യുവതിയുടെയും മകളുടെയും ചിത്രങ്ങള്‍ ലാപ്‌ടോപ്പിലുണ്ടെന്നത് ശ്രദ്ധിച്ചത്. പരാതിക്കാരോട് പൊലീസുകാര്‍ ചിത്രത്തിലുള്ളവരെ കുറിച്ച് ചോദിക്കുകയും പരിചയക്കാരാണെന്ന് അവര്‍ പൊലീസിന് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം ചിത്രത്തിലുണ്ടായിരുന്ന തന്നെ അറിയിച്ചിട്ടില്ലെന്ന് വീട്ടമ്മ പറയുന്നു.

ചിത്രങ്ങള്‍ കണ്ടവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ആരാണ് ഇക്കാര്യം അറിയിച്ചതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചുവെന്നും വീട്ടമ്മ പറയുന്നു. യുവാവ് എന്തിനാണ് തങ്ങളുടെ ചിത്രം സൂക്ഷിച്ചതെന്ന് അന്വേഷിക്കണമെന്നും ഭയമുണ്ടെന്നും വീട്ടമ്മ പ്രതികരിച്ചു.

അതേസമയം യുവാവിന്റെ ലാപ്‌ടോപ്പും ഫോണും വിശദമായി പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞത് പോലെ നഗ്നദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉപകരണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നുമാണ് നിലവിൽ പൊലീസ് അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button