Uncategorized

അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഫെബ്രുവരി 28-നാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ ഇറാനെതിരെയുള്ള സൈനികനീക്കങ്ങൾക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ട്രൂ പ്രോമീസ് എന്ന പേരിൽ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ സംഘർഷഭരിതമായി. ഇസ്രയേലിനെയും ജിസിസി രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

ആക്രമണത്തിൽ ആദ്യ ദിനത്തിൽ പരിക്കേറ്റശേഷം പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി ഇതുവരെയും പരസ്യമായി രംഗത്തുവന്നിട്ടില്ല. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ ആഗോളതലത്തിൽ ക്രൂഡ് വില കുതിച്ചുയർന്നു. ഏപ്രിലിൽ ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ഹോർമുസിൽ ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു.

ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫും സമാധാന ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പിട്ടു. ജൂൺ 18ന് കരാറിൽ ഒപ്പിട്ടതായി ട്രംപ് സ്ഥിരീകരിച്ചതോടെ, ധാരണാപത്രം നിലവിൽ വന്നു. പിന്നാലെ ജൂലൈ 9ന് ജനലക്ഷങ്ങളെ സാക്ഷി നിർത്തി ഇറാനിലെ മഷാദിൽ ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ തുടർച്ചയായി 13 ദിവസം ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തി. ജൂലൈ 24ന് ഇറാനെതിരായ ആക്രമണം നിർത്താൻ അമേരിക്കൻ സൈന്യത്തിന് ട്രംപ് നിർദേശം നൽകി.

നാവിക ഉപരോധം മൂലം ഏകദേശം 500 കപ്പലുകൾ അതിലെ 6000 നാവികരും ഇപ്പോഴും ഹോർമുസിൽ കാത്തുകിടക്കുകയാണ്. 68 തവണ ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. അതിനിടെ ഇറാനെതിരെ സാമ്പത്തിക യുദ്ധമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഗസ്റ്റ് 24-ന് അമേരിക്കയുടെ സാമ്പത്തിക ഉപരോധമായ ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിനും തുടക്കമായി. ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ ഗതാഗതത്തിനുള്ള ഒരു ചട്ടക്കൂടിൽ ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ട്. ഇറാനെതിരെ വ്യോമയാന ഉപരോധത്തിനും അമേരിക്ക തുടക്കമിട്ടുകഴിഞ്ഞു. ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന സമാധാന പദ്ധതി അമേരിക്ക തള്ളി. പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള സാധ്യതഇപ്പോഴും ഏറെ അകലെതന്നെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button