മുഖ്യമന്ത്രിയുടെ അടുപ്പക്കാരുടെ എംഡിഎംഎ കേസ്: പ്രതികൾ സാമ്പത്തിക ഇടപാട് നടത്തിയത് മൊബൈൽ ഷോപ്പുകളിലൂടെ, സാമ്പത്തിക സ്രോതസിൽ തൊടാതെ പൊലീസ്

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്ററും അടുപ്പക്കാരും പ്രതികളായ എംഡിഎംഎ കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. ഹുസൈനും സൈനുൽ ആബിദും സാമ്പത്തിക ഇടപാട് നടത്തിയത് മൊബൈൽ ഷോപ്പുകളിലൂടെയാണ്. എന്നാൽ പ്രതികളുടെ സാമ്പത്തിക സ്രോതസിൽ തൊടാതെ സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. കേസ് അട്ടിമറിക്കാനുള്ള എല്ലാ ചരടുവലികളും അണിയറയിൽ നടക്കുന്നുണ്ട്.
മൊബൈൽ ഷോപ്പുകളിലൂടെയാണ് പ്രതികൾ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൊബൈൽ ഷോപ്പുകളിൽ പണം നേരിട്ട് എത്തിച്ച് ലഹരി ഇടപാടിനായി അയച്ചുനൽകുകയായിരുന്നു. പെരുമ്പാവൂർ ഉൾപ്പെടെ നിരവധി മൊബൈൽ ഷോപ്പുകൾ ഇതിനായി ഉപയോഗിച്ചു.
പണം കൈമാറുന്നതിന്റെ വിവരങ്ങൾ പുറത്ത് വരാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. ലഹരി മരുന്ന് എത്തിച്ചുനൽകിയ റിയക്ക് നേരിട്ടും പ്രതികൾ പണം നൽകി. എന്നാൽ പ്രതികളുടെ സാമ്പത്തിക സ്രോതസിലേക്ക് അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നില്ല.
പ്രതികൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നു എന്നത് ദുരൂഹമായി തുടരുകയാണ്. അതേസമയം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ പ്രതികൾക്കായി നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് ഹർജി പിൻവലിച്ചത്. മുഹമ്മദ് ഹുസൈൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കായാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതികൾ 41 ദിവസമായി ജയിലിൽ തുടരുകയാണ്.




