‘ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്’; ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്യണമെന്ന് എ എ റഹീം എം പി

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ പുറത്താക്കണമെന്ന് എ എ റഹീം എം പി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞെന്നും ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം നടത്തുമെന്നും റഹീം എം പി വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വിമർശനം രേഖപ്പെടുത്തിയത്.
ഒക്ടോബർ രണ്ടിന് ഡിവൈഎഫ്ഐയുടെ ദില്ലി ചലോ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായ്മ, കരാർ വൽക്കരണത്തിൽ സംവരണം അട്ടിമറിക്കപ്പെടുന്നുവെന്നും ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും റഹീം എം പി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8,23,656 പോസ്റ്റുകൾ മാർച്ച് 1 2024 വരെയുള്ള കണക്കനുസരിച്ച് ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ചെറുപ്പക്കാർ കടുത്ത ചൂഷണത്തിന് ഇരയാകുന്നു.
ലേബർ കോഡുകൾ പിൻവലിക്കണമെന്നും റഹീം എം പി ആവശ്യപ്പെട്ടു.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കണം. ഒക്ടോബർ മൂന്ന് ഡിവൈഎഫ്ഐയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
28ന് ഇടതു പാർട്ടികൾ പ്രഖ്യാപിച്ച സംയുക്ത പ്രതിഷേധത്തിൽ ഡിവൈഎഫ് പങ്കെടുക്കുന്നതിനെക്കുറിച്ചും റഹീം എം പി സംസാരിച്ചു. ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. രത്തൻ ഖേൽഖരുടെ നിയമനവും ബന്ധപ്പെട്ട് അന്ന് തന്നെ ദുരൂഹത ഉയർന്നതാണ്. അഭിജിത്ത് ദീപ്കെ പറഞ്ഞ ആരോപണങ്ങൾ ഗൗരവതരമാണ്. കേരളത്തിലും തമിഴ്നാട്ടിലും മുഖ്യമന്ത്രിമാരെ മാറ്റുന്നതിൽ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിച്ചു എന്നാണ് അഭിജിത്ത് പറഞ്ഞത്. ഇത് വളരെ ഗൗരവം നിറഞ്ഞ പ്രസ്താവനയാണ്.
ആരുടെ രാഷ്ട്രീയ തീരുമാനം ആണ് ഗ്യാനേഷ് കുമാർ നടപ്പാക്കുന്നത്. ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത വീണ്ടെടുക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഭയപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ. ഏക സിവിൽ കോഡ് നടപ്പാക്കുന്നത് ഒക്കെ ഇതിന്റെ ഭാഗമാണെന്നും റഹീം എം പി കൂട്ടിച്ചേർത്തു.




