Uncategorized

സ്വർണവില കൂപ്പുകുത്തുന്നു: പോക്ക് ഒരു ലക്ഷത്തിന് താഴേക്ക്; 5 മാസത്തിനിടെ കുറഞ്ഞത് 28000 രൂപയിലേറെ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്. തുടർച്ചയായുള്ള ഇടിവോടെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവിലയെത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 255 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,845 രൂപയും, ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപയിലേക്കും വില എത്തി. വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തായാണ് സ്വർണവിപണിയില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായും വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിവസം രണ്ട് തവണയായി വില കുറയുന്നുണ്ട്. ഇന്നലെ രാവിലെ 1,05,840 രൂപയായിരുന്നു പവന്‍റെ വിലയെങ്കില്‍ വൈകുന്നേരത്തോടെ അത് 1,04,800 രൂപയായി. ഇവിടെ നിന്നാണ് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞിരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 278 രൂപ കുറഞ്ഞ് 14,013 രൂപയും, 18 കാരറ്റ് സ്വർണത്തിന് 208 രൂപ കുറഞ്ഞ് 10,510 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവിലയിൽ ഇപ്പോൾ വൻ ഇടിവാണ് പ്രകടമാകുന്നത്. ജൂൺ 1, 2, 3 തീയതികളിൽ രേഖപ്പെടുത്തിയ പവന് 1,14,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതായത്, വെറും മൂന്നാഴ്ചത്തെ വ്യത്യാസത്തിൽ മാത്രം ഒരു പവൻ സ്വർണത്തിന്മേൽ 11,800 രൂപയുടെ വൻ കുറവാണ് ഉണ്ടായിരിക്കുന്നത. ഈ വർഷത്തെ ഉയർന്ന നിരക്കായ ജനുവരി 29 ലെ 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് 28,400 രൂപയുടെ ഇടിവാണ്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണം. ആഗോളതലത്തിൽ യുഎസ് ഡോളർ ശക്തപ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച നയങ്ങളും കാരണം നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി ഡോളറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയാൻ ഇടയാക്കി.

ഇതിനൊപ്പം ഇന്ത്യൻ രൂപ ഡോളറിനെതിരെ കരുത്ത് വീണ്ടെടുത്തതും കേരളത്തിലെ വിലയിടിവിന് വേഗത കൂട്ടി. എങ്കിലും രാജ്യാന്തര സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വരും ദിവസങ്ങളിലും വിപണിയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. നിലവിലെ ഈ കുറഞ്ഞ നിരക്കിൽ 5% പണിക്കൂലിയും 3% ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,11,135 രൂപയോളം ചിലവ് വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button