പാലക്കാട് ഡിവിഷൻ വിഭജനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വിഭജനം തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് എംപിമാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടെങ്കിലും ആവശ്യം തള്ളുകയായിരുന്നു. പോസിറ്റീവ് മറുപടി ലഭിച്ചില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടണമെന്ന് പറഞ്ഞുവെന്നും എംപിമാർ വ്യക്തമാക്കി. നിലപാടിൽ ഉറച്ച് റെയിൽവേ പാലക്കാട് വിഭജനവുമായി മുന്നോട്ട് അറിയിച്ചെന്നും ഇവർ പറഞ്ഞു.
അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. കേന്ദ്രത്തിന്റെ സമീപനത്തിൽ സംതൃപ്തിയില്ലെന്നും വസ്തുതാപരമായ കാര്യങ്ങൾ ഉന്നയിച്ചിട്ടും എടുത്ത സമീപനത്തോട് കടുത്ത വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ശക്‌തമായ പ്രതിഷേധം മന്ത്രിയെ അറിയിച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. നടന്നത് രാഷ്ട്രീയ വിവേചനമാണ്. രാജ്യത്ത് ഇതുവരെ ഒരു റെയിൽവേ ഡിവിഷനും വിഭജിട്ടില്ലെന്നും വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.
കേരളത്തോടൊപ്പം നിക്കേണ്ട ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തിൽ പ്രതികരിക്കുന്നില്ല. കേരളത്തിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉത്തരം പറയണം. കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, തിരുവനന്തപുരം ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടാൻ പോകുന്നുവെന്നും കൂട്ടിചേർത്തു.




