മെസിയുടെ പേരിലെ കള്ളക്കളി; മുൻമന്ത്രി വി. അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ സ്വകാര്യ ചാനൽ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്ന ആരോപണത്തിലാണ് നടപടി.തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് അയച്ച ഇമെയിൽ സന്ദേശങ്ങൾ, മുൻ മന്ത്രിയുടെ വിദേശയാത്രകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളും നികുതി വെട്ടിപ്പും നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം കേസിൽ വി. അബ്ദുറഹിമാനെ നിലവിൽ പ്രതി ചേർത്തിട്ടില്ല. ടെൻഡർ വിളിക്കാതെ റിപ്പോർട്ടർ ചാനലിനെ സ്പോൺസറായി നിശ്ചയിച്ചതിലും ചട്ടലംഘനങ്ങൾ നടത്തിയതിലും മന്ത്രിക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയെ നാലുമണിക്കൂറോളം ചോദ്യം ചെയ്തത്. ഇദ്ദേഹം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. എസ്ഐടി അന്വേഷണത്തെ വി. അബ്ദുറഹിമാന് നേരത്തെ സ്വാഗതം ചെയ്തിരുന്നു.
അര്ജന്റീന ടീം പണം വാങ്ങി വഞ്ചിച്ചെന്നും സാമ്പത്തിക ഇടപാടില് ഒരു തെറ്റും നടന്നിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.




