ദില്ലിയിലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ; തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ച വോട്ടർമാരിൽ മുഖ്യമന്ത്രിയും

ദില്ലിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവരുൾപ്പെടെ പ്രമുഖർ നോട്ടീസ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവരടക്കം 33.1 ലക്ഷം പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.എസ്.ഐ.ആറിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഒക്ടോബർ 29നകം പരിശോധന പൂർത്തിയാക്കി, അന്തിമ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കും.
അതേസമയം 11 തരം പൊരുത്തക്കേടുകളാണ് ദില്ലിയിൽ കണ്ടെത്തിയിട്ടുള്ളത്. നിലവിലെയും പഴയതുമായ വോട്ടർ പട്ടികയിലെ പേരുകളിലെ വ്യത്യാസം, പിതാവിന്റെ പേരിലോ വോട്ടർ ബന്ധിപ്പിച്ചിരിക്കുന്ന ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകളും ഇവയിലുൾപ്പെടും. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മക്കളും രക്ഷിതാവും തമ്മിൽ 15 വയസിൽ താഴെയുള്ള പ്രായവ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ പുറത്തുവിട്ടിട്ടുണ്ട്. ഹിയറിംഗുകളിൽ പങ്കെടുത്ത് രേഖകൾ ഹാജരാക്കി പട്ടികയിൽ ഉൾപ്പെട്ടവർക്ക് പരിശോധന പൂർത്തിയാക്കാനാകും.



