‘എങ്കെയൊളിന്താലും വിടമാട്ടെ’; വയനാട്ടിൽനിന്ന് മുങ്ങിയവരെ കര്‍ണാടകത്തിൽനിന്ന് പൊക്കി പൊലീസ്, പിടിയിലായത് അന്തർസംസ്ഥാന പിടിച്ചുപറി സംഘം

തിരുനെല്ലി: വയനാട് ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാ സംഘത്തിലെ മൂന്നുപേരെ കൂടി പിന്തുടര്ന്ന് വലയിലാക്കി വയനാട് പൊലീസ്. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി പൊന്നി (39) എന്നിങ്ങനെ പേരുള്ള മൂന്ന് സ്ത്രീകളെയാണ് കര്‍ണാടകത്തിലെ മല്‍പേ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലും തമിഴ്നാടിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തില്‍പെട്ട ഇവരെ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹര്‍ ഐപിഎസിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. തിരുനെല്ലി അമ്പലത്തില്‍ കര്‍ക്കിട വാവുബലിക്കായെത്തിയ സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് രാവിലെയാണ് തിരുനെല്ലി അമ്പലത്തില്‍ കര്‍ക്കിടക വാവുബലിക്ക് എത്തിയ സ്ത്രീയുടെ ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാല അന്നദാന മണ്ഡപത്തില്‍നിന്ന് ഇവര്‍ കവര്‍ന്നത്. തൊട്ടടുത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. കവര്‍ച്ചാ സംഘം ജില്ലയില്‍ കറങ്ങിനടക്കുന്നുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും എല്ലായിടത്തും വ്യാപക തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.



