Uncategorized

സ്വത്ത് തർക്കം: കർണാടകയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിൽ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മുൻ സൈനികനായ രുദ്രപ്പയും മകൾ ശശികലയുമാണ് കൊല്ലപ്പെട്ടത്. രുദ്രപ്പയുടെ സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗിയും, ഇരുപത്തിയാറുകാരിയായ മകൾ ശശികലയുമാണ് സ്വന്തം ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചായിരുന്നു കൊലപാതകങ്ങൾ.

ബന്ധുക്കളുടെ കൊടുംക്രൂരത
സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു മകൾക്കൊപ്പം രുദ്രപ്പ. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് ക്രൂരക്യത്യം നടത്തിയത്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ശശികല ആക്രമിക്കപ്പെട്ടത്. ഇവരെത്തിയ കാറിന്റെ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു. പ്രതികളായ ബസപ്പ കുന്ദരഗി, സഹോദരൻ സംഗപ്പ കുന്ദരഗി മകൻ മഡിവാളപ്പ കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിട്ടൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട രുദ്രപ്പയും പ്രതികളായ ബസപ്പയും സംഗപ്പയും തമ്മിൽ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തർക്കം കോടതി കയറിയപ്പോൾ സ്വത്ത് തുല്യമായി ഭാഗിക്കാനായിരുന്നു ഉത്തരവ്. എന്നാൽ തന്റെ ഭാഗം നേരത്തെ വിറ്റിരുന്ന രുദ്രപ്പ അവശേഷിച്ച സ്വത്ത് മൂന്നായി ഭാഗിക്കണമെന്ന് നിലപാട് എടുത്തതോടെ കുപിതരായാണ് സഹോദരന്മാർ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. രുദ്രപ്പയുടെ പേരിലായിരുന്നു തർക്കത്തിൽ ഉണ്ടായിരുന്ന ഭൂമി. കൊലപാതക വിവരം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരെ ഏറെ പാടുപെട്ടാണ് പൊലീസ് നീക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കിട്ടൂർ പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button