Uncategorized

അമ്പായത്തോട് – ബോയ്സ് ടൗൺ റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കലിലെ തർക്കം പരിഹരിച്ചു

​അമ്പായത്തോട് – ബോയ്സ് ടൗൺ റോഡ് നവീകരണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പരിഹരിച്ചു. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും സമമായിട്ടല്ല സ്ഥലം ഏറ്റെടുക്കുന്നത് എന്ന ആരോപണമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.
​കേരള റോഡ് ഫണ്ട് ബോർഡും നാട്ടുകാരും ചേർന്ന് മുൻപ് അളന്നു സ്ഥാപിച്ച അതിരുകുറ്റികൾക്ക് പുറമെ പുതിയതായി ഒരു കുറ്റി കൂടി സ്ഥാപിച്ചതാണ് സംശയങ്ങൾക്കിടയാക്കിയത്. റോഡിന്റെ മധ്യഭാഗത്തുനിന്നും ഇരുവശങ്ങളിലേക്കും 6 മീറ്റർ വീതം ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, ഒരു ഭാഗത്ത് കൂടുതലും മറുഭാഗത്ത് കുറഞ്ഞ അളവിലും സ്ഥലം അളന്നു തിട്ടപ്പെടുത്തിയെന്ന് പ്രദേശവാസികൾ ആരോപിച്ചു. സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയ്യാറായ ഉടമകൾക്കിടയിൽ അളവുകളിലെ വ്യത്യാസം ആശയക്കുഴപ്പവും സൃഷ്ടിച്ചു.
​തർക്കം രൂക്ഷമായതോടെ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി ഭൂ ഉടമകളുമായി ചർച്ച നടത്തി. റോഡ് വികസനത്തിന് എത്ര സ്ഥലം വേണമെങ്കിലും നൽകാൻ തയ്യാറാണെന്നും എന്നാൽ ഇരുവശങ്ങളിൽ നിന്നും കൃത്യമായി, സമമായി മാത്രമേ സ്ഥലം ഏറ്റെടുക്കാവൂ എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
​അധികമായി സ്ഥാപിച്ച കുറ്റികൾ കാരണമാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും, ഇരുവശങ്ങളിൽ നിന്നും ഒരുപോലെ തന്നെയായിരിക്കും സ്ഥലം ഏറ്റെടുക്കുകയെന്നും ഭരണസമിതി ഉറപ്പു നൽകിയതോടെയാണ് തർക്കത്തിന് താൽക്കാലിക പരിഹാരമായത്.
​കിഫ്ബിയിൽ നിന്നും അനുവദിച്ച 41.50 കോടി രൂപ ചെലവഴിച്ച് 5.76 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡിൽ നിലവിലെ 5.5 മീറ്റർ ടാറിംഗ് 9 മീറ്ററായി ഉയർത്തും. അമ്പായത്തോട് നിന്ന് ആരംഭിച്ച പ്രവർത്തികൾ ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് പൂർത്തിയാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button