തമിഴ്നാട് സ്വദേശിയുടെ മൃതദേഹം വിട്ടു നൽകാതിരുന്ന സംഭവം; റിപ്പോർട്ടർ ഇടപെടലിൽ പരിഹാരം

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു നല്കി. തമിഴ്നാട് ചിദംബരം സ്വദേശി നടേശ(72)ന്റെ മൃതദേഹമാണ് വിട്ടുനല്‍കിയത്. പൊലീസ് അനുമതിയില്ലെന്ന് പറഞ്ഞ് മൃതദേഹം കൈമാറിയിരുന്നില്ല. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മൃതദേഹം വിട്ടു നല്‍കാനുള്ള നടപടി സ്വീകരിച്ചത്. പൊലീസിനെ പലതവണ ബന്ധപ്പെട്ടിട്ടും ഇടപെട്ടിട്ടില്ലെന്നായിരുന്നു പരാതി. പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയെ ചൊല്ലിയായിരുന്നു തര്‍ക്കം.
കഴിഞ്ഞ ദിവസമാണ് മെഡി. കോളേജില്‍ ചികിത്സയിലിക്കേ നടേശന് മരിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും പൊലീസിന്റെ അനുമതി വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ അധികാരപരിധിയെ കുറിച്ചുള്ള തര്‍ക്കമാണ് നടേശന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. നടേശന് കോട്ടയ്ക്കലിലാണ് ദീര്‍ഘകാലമായി താമസിച്ചുവന്നത്.
മരിക്കുന്നതിന് മുമ്പ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടേശന് ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ അനുമതി എവിടെ നിന്നും ലഭിക്കുമെന്നതില്‍ ആശങ്ക ഉയര്‍ന്നത്.കോട്ടയ്ക്കല്‍ പൊലീസ്, തിരൂരങ്ങാടി പൊലീസാണ് അനുമതി നല്‍കണ്ടതെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസിനെ സമീപിച്ചു. അപ്പോള്‍ കോട്ടയ്ക്കല്‍ പൊലീസാണ് അനുമതി നല്‍കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചതെന്ന് നടേശന്റെ ബന്ധുവും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറും പറഞ്ഞു.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിലെത്തുന്നത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ നാസര്‍ അറിയിച്ചിരുന്നു. കോട്ടയ്ക്കല്‍ പൊലീസുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കെ കെ നാസര്‍ പ്രതികരിച്ചിരുന്നു.




