Uncategorized

വിദേശ നിക്ഷേപം: സതീഷ് ജാര്‍ക്കിഹോളിക്കെതിരെ അന്വേഷണം കടുപ്പിക്കാന്‍ ഇഡി; സമന്‍സ് നല്‍കി വിളിച്ച് വരുത്തും

ബെംഗലൂരു: വിദേശ നിക്ഷേപ വിവരങ്ങൾ അടക്കം കണ്ടെത്തിയ വിഷയത്തിൽ കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരായ ഇഡി അന്വേഷണം കടുപ്പിക്കുന്നതായി വിവരം. ജാര്‍ക്കിഹോളിക്ക് സമന്‍സ് നല്‍കാനാണ് ഇഡി ഒരുങ്ങുന്നത്. ജാര്‍ക്കിഹോളിയെയും കുടുംബത്തെയും ചോദ്യം ചെയ്യാന്‍ വിളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെടും. കൈക്കൂലി നല്‍കിയെന്ന് കണ്ടെത്തിയ ബിവിഇപിഎല്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കും. വിദേശനാണയ ചട്ടം (ഫെമ) ലംഘിച്ചതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍ ജാര്‍ക്കിഹോളിക്ക് നിക്ഷേപം എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഖനന കമ്പനികളിലും ബിസിനസ് സ്ഥാപനങ്ങളിലും ജാര്‍ക്കിഹോളി ഓഹരി നേടി. കോംഗോ, സാംബിയ രാജ്യങ്ങളിലാണ് അഴിമതി പണം നിക്ഷേപിച്ചതെന്നും കണ്ടെത്തി എന്നാണ് ഇഡി അവകാശപ്പെടുന്നത്. മാഗ്‌നിട്യൂഡ് സ്റ്റാര്‍ എന്ന സ്വര്‍ണ ഖനന കമ്പനിയില്‍ സതീഷ് ജാര്‍ക്കിഹോളിക്ക് 40% ഓഹരിയാണ് ഉള്ളത്. മകള്‍ പ്രിയങ്ക, മകന്‍ രാഹുല്‍, സഹോദരി മഹാദേവി എന്നിവര്‍ക്കും വിദേശത്ത് നിക്ഷേപമുണ്ടെന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കരാറുകാരില്‍ നിന്ന് കൈക്കൂലി പിരിച്ച രേഖകളും ഡിജിറ്റല്‍ വിവരങ്ങളും കണ്ടെത്തി എന്നും ഇഡി പറയുന്നു.

ജാര്‍ക്കഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നേരത്തെ പറഞ്ഞിരുന്നു. ജാര്‍ക്കഹോളിക്കും കുടുംബത്തിനും കോംഗോ, സാംബിയ എന്നിവിടങ്ങളില്‍ നിക്ഷേപമെന്ന് ഇഡി കണ്ടെത്തിയിരുന്നു. കോംഗോയിലെ കമ്പനിയില്‍ 40 ശതമാനം നിക്ഷേപമുണ്ടെന്നും ഇഡി പറയുന്നു. കൈക്കൂലിയായി ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തലുണ്ട്. രണ്ടുദിവസത്തെ റെയ്ഡില്‍ നിന്ന് 3.45 കോടിയുടെ ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തതായാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം വിഷയം രാഷ്ട്രീയ പകപോക്കലെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. ജാര്‍ക്കിഹോളിക്ക് പിന്തുണയുമായി മുപഖ്യമന്ത്രി ഡികെ ശിവകുമാര്‍ രംഗത്ത് വന്നു. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതം എന്നാണ് കര്‍ണാടക മുഖ്യമന്ത്രി ആരോപിക്കുന്നത്. അന്വേഷണ ഏജന്‍സികളെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. ജാര്‍ക്കിഹോളിക്ക് ഒളിപ്പിക്കാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സതീഷ് ജാര്‍ക്കിഹോളിയുമായി ഡികെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ സതീഷ് ജാര്‍ക്കിഹോളിയുമായും കുടുംബാംഗങ്ങളുമായും അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം നടത്തിയ പരിശോധനയില്‍ വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് ഇ ഡി അറിയിച്ചിരുന്നത്. ഇഡിയുടെ ആരോപണങ്ങളില്‍ മന്ത്രി സതീഷ് ജാര്‍ക്കിഹോളിയോ കുടുംബാംഗങ്ങളോ പരിശോധനയില്‍ പേരുള്ള മറ്റ് വ്യക്തികളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button