പിണറായി വിജയനെതിരായ ഇഡിയുടെ കത്ത്; കേസ് എടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ കേസ് എടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇഡി കൈമാറിയ മൊഴികള്‍ തെളിവാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാണ് ഇവരുടെ നിലപാട്. വിജിലന്‍സ് അന്വേഷണം അഭികാമ്യമാണ് എന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.
വിഷയത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നാണ് വിവരം. എന്നാല്‍ ഇഡിയുടെ കത്തില്‍ വെട്ടിലായത് കോണ്‍ഗ്രസാണ് എന്നാണ് വിലയിരുത്തല്‍. പിണറായി വിജയന് എതിരെ കേസ് എടുത്താല്‍ സിപിഐഎം ആയുധമാക്കുമെന്നാണ് ആശങ്ക. വിജിലന്‍സ് കേസ് എടുത്താല്‍ ഇഡിയ്ക്ക് വഴിയൊരുക്കല് ആകുമെന്ന വിമര്‍ശനവും ഇതിനോടകം പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും പുറത്ത് നിന്നും ഉയര്‍ന്നു കഴിഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയാല്‍ പിണറായി വിജയന് ദേശീയ തലത്തില്‍ പിന്തുണ ലഭിക്കുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിന് ഉള്ളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യ സഖ്യത്തില്‍ വിള്ളല്‍ വീഴുമെന്നും ആശങ്ക ഉണ്ട്.സംസ്ഥാന കോണ്‍ഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായമാണ് വന്നിട്ടുള്ളത്. തിരക്കിട്ട് കേസ് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അതിവേഗത്തില്‍ നടപടികളിലേക്ക് കടക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. മുഖ്യമന്ത്രി വി ഡി സതീശനും ആശയക്കുഴപ്പത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. എല്ലാ വശങ്ങളും പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. രാഷ്ട്രീയ പ്രത്യാഘാതങ്ങളും സര്‍ക്കാര്‍ വിലയിരുത്തും എന്നാണ് വിവരം. വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും നിര്‍ണായകമാകും.




