Uncategorized

ശ്രീശാന്തിനേര്‍പ്പെടുത്തിയ 3 വര്‍ഷ വിലക്ക് പിൻവലിച്ച് കെസിഎ, മാപ്പപേക്ഷിച്ച് താരം; കെസിഎല്ലില്‍ പങ്കെടുക്കാം

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി. കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിർണായക തീരുമാനം വന്നിരിക്കുന്നത്.

കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീർത്തി വരുത്തുന്ന രീതിയിൽ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേർപ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നിൽ ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിക്കാൻ ശ്രീശാന്ത് തയ്യാറായത്.

മാപ്പപേക്ഷിച്ച് താരം; വീണ്ടും അച്ചടക്കലംഘനം നടത്തിയാൽ കർശന നടപടി

ഇന്ന് ചേർന്ന കെസിഎ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്‍റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. താരം തെറ്റ് സമ്മതിച്ച് നിരുപാധികം ക്ഷമ ചോദിച്ച പശ്ചാത്തലത്തിൽ വിലക്ക് നീക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ വിലക്ക് പിൻവലിച്ചതോടൊപ്പം താരത്തിന് മുന്നറിയിപ്പും കെസിഎ നൽകിയിട്ടുണ്ട്. ഭാവിയിൽ അസോസിയേഷനെതിരെയോ ക്രിക്കറ്റിന്‍റെ അച്ചടക്കത്തിന് ദോഷം ചെയ്യുന്ന രീതിയിലോ ഉള്ള ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് ജനറൽ ബോഡി യോഗം വ്യക്തമാക്കിയിട്ടുള്ളത്.

കൊല്ലം സെയിലേഴ്സിനൊപ്പം തുടരാം; ശ്രീശാന്തിന് വലിയ ആശ്വാസം

വിലക്ക് പൂർണ്ണമായി പിൻവലിച്ചതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ സജീവമാകാൻ ശ്രീശാന്തിന് വഴിതുറന്നു. ലീഗിലെ പ്രമുഖ ടീമായ ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ഫ്രാഞ്ചൈസിയുടെ സഹഉടമയായി ശ്രീശാന്തിന് ഇനി തടസ്സങ്ങളില്ലാതെ തുടരാൻ സാധിക്കും. വിലക്ക് നിലനിന്നിരുന്നെങ്കിൽ കെസിഎല്ലുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പദവികളും കൈയാളാൻ താരത്തിന് കഴിയുമായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button