മുട്ടില്‍ മരംമുറി: പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയില്‍, കുറ്റപത്രം വായിക്കുന്നത് മാറ്റി

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ കുറ്റപത്രം വായിക്കുന്നത് സെപ്റ്റംബര്‍ 19ലേക്ക് മാറ്റി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിയ സാഹചര്യത്തിലാണ് നടപടി.ഒന്നാം പ്രതി റോജി അഗസ്റ്റിന്, രണ്ടാം പ്രതി ആന്റോ അഗസ്റ്റിന്, മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിന് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായിരുന്നു. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നടപടി പുരോഗമിക്കുകയാണെന്ന് പ്രതികള്‍ അറിയിച്ചതിനാല്‍ നേരത്തെ പലതവണ കേസ് മാറ്റിവച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ഹാജരാകാന്‍ പ്രതികള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, അഭിഭാഷകന് മാത്രമായിരുന്നു കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ സ്റ്റേ പെറ്റിഷന്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ നടപടി അറിഞ്ഞ ശേഷം വിചാരണ കോടതി നടപടികളിലേക്ക് കടക്കാമെന്നും അഭിഭാഷകന് അറിയിച്ചതോടെ കേസ് വീണ്ടും മാറ്റിവെച്ചു.
ഇതോടെ സ്റ്റേ നടപടി ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം റദ്ദാക്കുമെന്നും മജിസ്ട്രേറ്റ് കോടതി അറിയിച്ചിരുന്നു.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്. കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്




