Uncategorized

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; തൃണമൂൽ വിമതരുമായി സഖ്യമില്ല, ‘ഡൽഹിയിൽനിന്ന് 1500 കി.മീ. അകലെയാണ് കൊൽക്കത്ത

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ വിമതരുടെ പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ)യുമായി സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. അതേസമയം, സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് തൃണമൂൽ വിമതയും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു.

വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആരുമായും സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചര്യ അടുത്തിടെ പറഞ്ഞിരുന്നു. കൊൽക്കത്ത, ഹൗറ തുടങ്ങിയ മുനിസിപ്പൽ കോർപ്പറേഷനുകളിലെല്ലാം പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിഐയുമായി ഡൽഹിയിൽ ധാരണയുണ്ടായേക്കാം. പക്ഷേ, ഡൽഹിയിൽനിന്ന് കൊൽക്കത്ത 1500 കിലോമീറ്റർ അകലെയാണെന്നുമാണ് എൻസിപിഐ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ വിവിധ സീറ്റുകളിൽ ജനം ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അതിനാൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 209 സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പാർട്ടിക്ക് കഴിയുമെന്നും ബിജെപിയുടെ തെരഞ്ഞടുപ്പ് സമിതി കൺവീനറായ റിതേഷ് തിവാരിയും പറഞ്ഞു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി ഇതുവരെ ഒന്നുമായിരുന്നില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ മണ്ഡലങ്ങളിൽ ജനം ബിജെപിക്കൊപ്പമായിരുന്നു. അതുകൊണ്ട് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വിജയിക്കാനാകും. മുനിസിപ്പൽ കോർപ്പറേഷനിലെ അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button