ഭാര്യയുടെ തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു, വിരലുകൾ അറുത്തുമാറ്റി; നാടിനെ നടുക്കി അരുംകൊല; യുവാവ് കീഴടങ്ങി

ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിന് മുമ്പാകെ കീഴടങ്ങി. ഗുവാഹത്തിയിലെ ബസിഷ്ഠപുരിലാണ് നാടിനെ നടുക്കുന്ന അരുംകൊല നടന്നത്. ഭാര്യയുടെ തലയറുത്ത് പോളിത്തീൻ ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. 25കാരിയായ റിയ താലൂക്ക്ദാർ ഗോസ്വാമി ആണ് ഭർത്താവ് രാമാനുജൻ ഗോസ്വാമിയുടെ ക്രൂരകൃത്യത്തിനിരയായത്. സംഭവത്തിന് പിന്നാലെ ഹതിഗാവ് പൊലീസിന് മുമ്പാകെ കീഴടങ്ങിയ പ്രതി കുറ്റവും സമ്മതിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെൻ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ 48 മണിക്കൂറിനിടെ ആണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകത്തിന് പിന്നിൽ ഭർത്താവായ രാമാനുജൻ ഗോസ്വാമി ആണെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണറേറ്റ് എഡിസിപി അനുരാജ് ശർമ്മ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് അതിക്രൂരമായ കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുവതിയുടെ തലയറുത്ത് പോളിത്തീൻ ബാഗിലാക്കിയ പ്രതി ഫ്ലാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. റിയയുടെ വിരലുകളും വെട്ടിമാറ്റിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഫ്ലാറ്റിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
വിവാഹം ആറുമാസം മുമ്പ്
ആറുമാസം മുമ്പാണ് രാമാനുജനും റിയയും വിവാഹിതരായത്. തുടർന്ന് ഇരുവരും ഒരുമിച്ച് ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. ഗൗരിപുർ സ്വദേശിയായ രാമാനുജൻ ഓൺലൈൻ ടാക്സി ഡ്രൈവറാണ്. നൂൻമാത്തി സ്വദേശിയായ റിയ വസ്ത്രവിൽപന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു.
യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻ്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ അപ്പാർട്ട്മെൻ്റിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) അന്വേഷണം നടത്തിവരികയാണ്.




