Uncategorized

കാന്തപുരം പറഞ്ഞത് അനുയായികളോട്, അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ദ് ചെയ്യരുത്: പി കെ നവാസ്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിന് പിന്തുണയുമായി പി കെ നവാസ് എംഎല്‍എ. കാന്തപുരം പറഞ്ഞത് അനുയായികളോടാണ്. മത നേതാവ് സംസാരിക്കുമ്പോള്‍ ആരോട് സംസാരിക്കുന്നു എന്നത് പ്രധാനമാണ്. കാന്തപുരത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ദ് ചെയ്യരുതെന്നും പി കെ നവാസ് പ്രതികരിച്ചു.

നബിദിനത്തില്‍ കണ്ട ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നാണ് കാന്തപുരം പറഞ്ഞതെന്നും പി കെ നവാസ് പറയുന്നുണ്ട്. ‘അദ്ദേഹം പറഞ്ഞത് സമുദായത്തോട് ആണ്. അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ദ് ചെയ്യരുത്. കാന്തപുരം ഒരുപാട് സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. എംഎസ്എഫില്‍ മുസ്‌ലിം ഭാരവാഹികള്‍ ഉണ്ട്’, പി കെ നവാസ് പറഞ്ഞു.

സര്‍ക്കുലര്‍ മുസ്‌ലിം ലീഗിലെ വനിതാ പ്രവര്‍ത്തകാരോട് എന്ന കെ ടി ജലീലിന്റെ ആരോപണത്തിനും പി കെ നവാസ് മറുപടി പറയുന്നുണ്ട്. ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നത് പോലെയാണ് കെ ടി ജലീലിന്റെ കാര്യം. ലീഗിനെതിരെ പറയാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. കാന്തപുരം പറഞ്ഞത് മുസ്‌ലിം ലീഗിനോട് ആണെങ്കില്‍ ഞങ്ങള്‍ അത് പരിശോധിക്കും. തനിക്ക് അത് ബാധകമല്ല എന്ന് കെ ടി ജലീല്‍ പറയുമോ എന്നും പി കെ നവാസ് ചോദിച്ചു.

പ്രതികരണങ്ങള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പാടില്ലെന്നാണ് എംഎസ്എഫ് മങ്കട മണ്ഡലം കമ്മറ്റിക്ക് വിമര്‍ശനവുമായി പി കെ നവാസ് പറഞ്ഞത്. ‘പ്രതികരണങ്ങളൊന്നും ചാനല്‍ മുറികളില്‍ എത്താനും പാടില്ല എന്ന് പ്രവര്‍ത്തകര്‍ മനസിലാക്കണം. കണക്കുകള്‍ അവതരിപ്പിച്ചില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കണക്ക് അവതരിപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തു. മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്താറുള്ളത്’, പി കെ നവാസ് പറഞ്ഞു.

അയോഗ്യരെ ഭാരവാഹികള്‍ ആക്കി എന്ന ആരോപണത്തില്‍, ഭാരവാഹികളെ പ്രഖ്യാപിച്ചത് എംഎസ്എഫിന്റെ ജില്ല പ്രസിഡന്റിന്റെയും സെക്രട്ടറിമാരുടെയും അഭിപ്രായം തേടിയ ശേഷമാണെന്നാണ് പി കെ നവാസ് മറുപടി പറഞ്ഞത്. സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും അനുമതിയോടെയായിരുന്നു പ്രഖ്യാപനം. അനര്‍ഹര്‍ എന്ന പ്രയോഗം തന്നെ തെറ്റാണ്. അര്‍ഹരായ ആളുകള്‍ പുറത്ത് ഉണ്ട്. സംസ്ഥാന ഭാരവാഹികളുടെ പരമാവധി എണ്ണമാണ് 24. അതിനപ്പുറം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. പുറത്ത് ഉള്ളവര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കും. എംഎസ്എഫിന്റെ പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനത്തില്‍ തനിക്ക് ഒരു റോളും ഇല്ലെന്നും പി കെ നവാസ് കൂട്ടിച്ചേര്‍ത്തു. എംഎസ്എഫിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശവുമായി എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയില്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും. സമുദായ നേതാക്കളുടെ മെക്കിട്ട് കേറാന്‍ അനുവദിക്കരുതെന്നും വിശ്വാസത്തെക്കുറിച്ച് പറയാന്‍ അവസരം വേണമെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പറഞ്ഞു. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തതോടെ കാന്തപുരം ഇന്ന് നിലപാട് വ്യക്തമാക്കും. കോഴിക്കോട്ടെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി അടക്കമുളളവര്‍ക്ക് മറുപടി നല്‍കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button