സൗദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ കനത്ത മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും കടുപ്പമാകുക.
ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. നജ്റാൻ, റിയാദിന്റെ തെക്കൻ പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴ പെയ്യും. തിങ്കൾ മുതൽ ബുധൻ വരെ അൽ ബാഹ, തായിഫ്, മൈസാൻ തുടങ്ങിയ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ വാദി അദ്ദവാസിർ, അൽ സുലൈയിൽ, കൂടാതെ നജ്റാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും തിങ്കൾ മുതൽ ബുധൻ വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും പൊടിച്ചാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 മില്ലീമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയേറെയാണ്. തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം അടുത്ത ആഴ്ച അവസാനത്തോടെയും തുടർന്നേക്കുമെന്നാണ് പ്രാഥമിക സൂചന. പൊതുജനങ്ങൾ കാലാവസ്ഥ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെയും ‘അൻവാ’ ആപ്പിലൂടെയും മുന്നറിയിപ്പുകൾ തത്സമയം നിരീക്ഷിക്കണമെന്നും ദുരന്തനിവാരണ സേനയുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



