Uncategorized

എക്‌സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ. എക്‌സൈസ് കമ്മീഷണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇടനിലക്കാരന്‍ കരിങ്കട ജോസിക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതിന്റെ പരിധിയില്‍ വരുന്നതാണ് ജോസിയുടെ നടപടിയെന്നും അഴിമതി നിരോധന നിയമം, 1988-ലെ 12-ാം വകുപ്പ് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിർദേശിക്കുന്നു. കമ്മീഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചു.

ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു ബാര്‍ മാനേജരെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു വിവരം.

മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഈ സംഭാഷണമടക്കം റെക്കോര്‍ഡ് ചെയ്തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തി ഈ തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

എക്‌സൈസ് മാസപ്പടി വിവാദത്തില്‍ അശോക് കുമാറിന് കുരുക്കായത് മൊബൈല്‍ ഫോണിലെ നിര്‍ണായക വിവരങ്ങളായിരുന്നു. ഫോണ്‍ രേഖകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക പരിശോധയില്‍ കുറ്റം സമ്മതിക്കേണ്ടി വന്നു. പണത്തിനൊപ്പം ബാറുകളില്‍ നിന്നും മദ്യക്കുപ്പികള്‍ വാങ്ങി മടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അന്വേഷണത്തിൽ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക പതിവെന്നായിരുന്നു പരാതി. കൈക്കൂലി തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കുമെന്നും പരാതിയുണ്ടായിരുന്നു.
മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സ്വന്തം റേഞ്ചില്‍ എത്തിച്ച് കേസുടുക്കുന്നത് പതിവ് സംഭവമാണെന്നും കണ്ടെത്തിയിരുന്നു. ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെടും. കൈക്കൂലി തന്നില്ലെങ്കില്‍ ബന്ധുക്കളെയും പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തുമെന്ന് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ കണ്ടെത്തിയത്.

ഡിപ്പാര്‍മെന്റിലുള്ള മറ്റ് ഉദ്യോഗസ്ഥരും സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചെറിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടിക്കൂടിയാല്‍ കേസെടുക്കും. അതേസമയം, വലിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടിക്കൂടിയാല്‍ കേസ് എടുക്കില്ലെന്നും വന്‍ തുക കൈക്കൂലിയായി ആവശ്യപ്പെടുമെന്നും ആരോപണമുയർന്നുരുന്നു. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹരിപ്പാട് നിന്ന് കൈക്കൂലി വാങ്ങി രണ്ട് ഫയലുകള്‍ നീക്കം ചെയ്‌തെന്നും കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button