Uncategorized

കാന്തപുരത്തിന്‍റ പ്രസ്താവന: നേതൃത്വത്തിന്റെ നിലപാട് വ്യക്തവും സുതാര്യവും ആയിരിക്കണം; മുസ്ലിം ലീഗിനോട് നൂർബിന

കോഴിക്കോട്: സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ഇത്തരം വിഷയങ്ങളില്‍ നേതൃത്വത്തിന്റെ നിലപാട് വ്യക്തവും സുതാര്യവും ആയിരിക്കണമെന്നും പുതുതലമുറയ്ക്ക് ആശയക്കുഴപ്പമുണ്ടാകുന്ന തരത്തില്‍ വ്യത്യസ്ത സന്ദേശങ്ങള്‍ പാടില്ലെന്നും നൂര്‍ബിന റഷീദ് വ്യക്തമാക്കി.

പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും വ്യത്യസ്ത നയം എന്നത് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാന്‍ ഇടയാക്കുമെന്നും പുതിയ തലമുറയുടെ മുന്നിലുണ്ടാകുന്ന ആശയക്കുഴപ്പം അസ്വസ്ഥയാക്കുന്നുവെന്നും നൂര്‍ബിന റഷീദ് ചൂണ്ടിക്കാട്ടി.

ഇന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം മൗനം പാലിക്കുകയോ അവ്യക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതിനു പകരം, തങ്ങളുടെ നിലപാട് പൊതുസമൂഹത്തോടും അണികളോടും വ്യക്തമായും ശക്തമായും ഉത്തരവാദിത്വത്തോടെയും പറയേണ്ട സന്ദര്‍ഭമാണിത്. ഒരു പ്രസ്ഥാനത്തിലേക്ക് പുതുതലമുറ കടന്നുവരുമ്പോള്‍ അവര്‍ക്ക് വേണ്ടത് ആശയക്കുഴപ്പമല്ല വ്യക്തമായ ദിശാബോധമാണ്. അതാണ് ഒരു പ്രസ്ഥാനത്തിന്റെ ഭാവിയോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം എന്നും നൂര്‍ബിന റഷീദ് ചൂണ്ടിക്കാട്ടി.

ഒരു പണ്ഡിതന്‍ എന്ന നിലയില്‍ കാന്തപുരത്തിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനുള്ള അവകാശം പോലെ തന്നെ വിയോജിക്കാനുള്ള അവകാശവും മറ്റുള്ളവര്‍ക്കുണ്ട്. എന്നാല്‍ വ്യക്തിയെ ലക്ഷ്യമാക്കാതെ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായ സംവാദത്തിലൂടെ നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ-സാമൂഹിക സംസ്‌കാരമാണ് നമുക്ക് ആവശ്യമെന്നും നൂര്‍ബിന റഷീദ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button