മാസാമാസമുള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ്; എക്സൈസ് മാസപ്പടി കേസില്‍ ഗുരുതര കണ്ടെത്തല്‍

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാസപ്പടി വാങ്ങുന്നു എന്ന കണ്ടെത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകള്‍ ആണെന്നാണ് വിവരം. ബാറുടമകളില്‍ നിന്ന് മാസാമാസം ഉള്ള പണപ്പിരിവ് കൂടാതെ സീസണുകളില്‍ പ്രത്യേക പിരിവ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളില്‍ വേറെ പണം നല്‍കണം. എത്ര തുകയാണ് നല്‍കേണ്ടത് എന്ന് ജോസി എന്ന ഇടനിലക്കാരന്‍ വഴിയാണ് ബാര്‍ ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുന്നത്.
പണം, മദ്യം, ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരമായി ശേഖരിക്കുന്ന അനൗദ്യോഗിക ‘കോമ്പ്‌ലിമെന്റ് സിസ്റ്റം’ നിലനില്‍ക്കുന്നു എന്നാണ് ഗുരുതരമായ കണ്ടെത്തല്‍. പിരിവിന് പിന്നില്‍ ഒന്നോരണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടില്‍ ഉള്ളവര്‍ വരെ ശൃംഖലയുടെ ഭാഗമാണെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പണം കൂടാതെ പാരിതോഷികമായി മദ്യവും വാങ്ങുന്നു എന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ബാറില്‍ വന്ന് മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈ മാസം 24-ാം തീയതിയിലെ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കൗണ്ടറില്‍ എത്തി മദ്യം വാങ്ങി ബാഗില്‍ വെച്ചശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.




