രാസവളത്തിന് വൻ വില; ഫാക്ടംഫോസിനും പൊട്ടാഷിനും 2300 രൂപ

വയനാട്: കർഷകർക്ക് തിരിച്ചടിയായി രാസവളങ്ങളുടെ വിലയിൽ വൻ വർധന.
കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവക്കാണ് പ്രധാനമായും വില വർധിച്ചത്. ഇറാൻ യുദ്ധവും കേന്ദ്രസർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതുമാണ് വില വർധനക്ക് കാരണം.കഴിഞ്ഞ ഫെബ്രുവരിയിൽ 1425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് ഇപ്പോഴത്തെ വില 2300 രൂപയാണ്. 1500 രൂപയുണ്ടായിരുന്ന പൊട്ടാഷും 2300 രൂപയിലെത്തി.
കുമിൾനാശിനിയായ തുരിശിൻന്റെ വിലയും ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. 210 രൂപയായിരുന്നിടത്ത് ഇപ്പോൾ വില 540 രൂപ. സബ്സിഡി ഉള്ളതിനാൽ യൂറിയയ്ക്ക് നിലവിൽ വില വർധിച്ചിട്ടില്ല.
ദിനംപ്രതി നഷ്ട്ടങ്ങളുടെ കണക്ക് മാത്രമുള്ള കർഷകന് ഇത് താങ്ങാവുന്നതിനപ്പുറമുള്ള പ്രതിസന്ധിയാണ്. ചാക്കിൽ രേഖപ്പെടുത്തിയ എംആർപിക്ക് വളം വിൽക്കാനാകില്ല എന്നും വ്യാപാരികൾ പറയുന്നു. രാസവളങ്ങൾക്കുള്ള കടത്തുകൂലി കമ്പനികൾ നൽകാത്തതിനാലാണ് ഈ പ്രതിസന്ധി. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് എത്തിക്കുന്ന രാസവളങ്ങളുടെ കടത്തുകൂലി വ്യാപാരികൾ തന്നെ വഹിക്കണം. ഈ സാഹചര്യത്തിൽ എംആർപിയിൽ അധികം വാങ്ങാതെ വ്യാപാരികൾക്ക് വളം വിൽക്കാനാകില്ല. ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങളുമുണ്ടാകുന്നുണ്ട്.




