സ്നേഹപ്രകടനം വിനയായി; കാമുകന്റെ കാറിൽ 3,400 ലിപ്സ്റ്റിക് ഉമ്മകൾ നൽകിയ യുവതി, പോലീസിന്റെ വക 5,500 രൂപ പിഴ!

ഗ്വാളിയാർ: കാമുകനോടുള്ള സ്നേഹപ്രകടനം അൽപ്പം കടന്നുപോയപ്പോൾ ഒടുവിൽ പോലീസിന്റെ വക വൻ പിഴ. ഗ്വാളിയാർ സ്വദേശിയായ ആദിത്യ സികാർവാറിനാണ് തന്റെ കാമുകി നൽകിയ ‘ചുംബന മേക്കോവർ’ കാരണം 5,500 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായത്.
ആദിത്യയുടെ വെള്ള കാർ വേറിട്ട രീതിയിൽ സ്റ്റൈലിഷ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതി ഈ സാഹസത്തിന് മുതിർന്നത്. നാല് മണിക്കൂറോളം കഷ്ടപ്പെട്ട്, ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് 3,400-ഓളം ചുംബനപ്പാടുകളാണ് കാറിലുടനീളം പതിപ്പിച്ചത്. കാറിന്റെ ഡോറുകൾ, ബോണറ്റ്, ബൂട്ട് തുടങ്ങി എല്ലാ ഭാഗത്തും ചുവപ്പൻ ഉമ്മകൾ നിറച്ച് ഒരു വൻ മേക്കോവർ തന്നെ യുവതി നൽകി.
എന്നാൽ, ഈ വിചിത്ര അലങ്കാരവുമായി റോഡിലിറങ്ങിയ ആദിത്യയ്ക്ക് കാര്യങ്ങൾ വിചാരിച്ചതുപോലെ നന്നായില്ല. ട്രാഫിക് നിയമലംഘനം കണ്ടെത്തിയ ഗ്വാളിയാർ ട്രാഫിക് പോലീസ് കാർ തടഞ്ഞുനിർത്തുകയും 5,500 രൂപ പിഴ ചുമത്തുകയുമായിരുന്നു.
നിലവിൽ ലിപ്സ്റ്റിക് മുദ്രകൾ നിറഞ്ഞ കാറിന്റെയും ആദിത്യയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്




