പണയ സ്വർണം വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ തട്ടിയ സംഭവം. പ്രതിയെ കേളകം പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറിയുടമയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും പകരം മുക്കുപണ്ഡം നൽകി മുങ്ങുകയും ചെയ്ത കേസ്സിലെ പ്രതി ഇടുക്കി ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പിനെയാണ് കേളകം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്. ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കേളകം ഗ്രാമീണ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ച് പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്ന് ജ്വല്ലറിയുടമയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബാങ്കിന് പുറത്തുവെച്ച് നാല് ലക്ഷം രൂപ കൈപ്പറ്റിയ പ്രതി ബാങ്കിൽ നിന്നും തിരിച്ചെടുത്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേളകത്തെ വെളിയത്ത് ജ്വല്ലറിയുടമ വിജയകുമാറിന് മുക്കുപണ്ഡം നൽകി പണവുമായി കടന്നുകളയുകയായിരുന്നു. തട്ടിപ്പിന് ശേഷം ഗോവയിലേക്ക് കടന്ന പ്രതിയെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കേളകം ഗ്രാമീണ ബാങ്കിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ബോബി ഫിലിപ്പിനെ കോതമംഗലം മാത്രം സമാനമായ ഏഴ് കേസ്സുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 42 കേസ്സുകളും നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പുകൾക്ക് ശേഷം ഗോവ കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതാണ് ഇയാളുടെ രീതി.




