ഹോംവർക്ക് ചെയ്തില്ല; അധ്യാപികയുടെ മർദനമെന്ന് ആരോപണം, ആറുവയസുകാരന് ദാരുണാന്ത്യം

വിശാഖപട്ടണം: ആറുവയസുകാരനായ എല്‍കെജി വിദ്യാര്‍ഥി സ്വകാര്യ സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് കുടുംബത്തിന്റെ ആരോപണം.
അധ്യാപികയുടെ മര്‍ദനത്തിന് പിന്നാലെ കുട്ടി ഭയന്ന് കരയുകയും ചുമയ്ക്കുകയും പിന്നീട് സ്‌കൂളില്‍ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപിക കുട്ടിയെ ശകാരിക്കുന്നതും തുടര്‍ന്ന് കുട്ടി കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പുന്നതും വ്യക്തമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം
പിന്നീട് അധ്യാപിക കുട്ടിയുടെ വസ്ത്രങ്ങള്‍ ശരിയാക്കിയ ശേഷം കുട്ടിയെ വീണ്ടും അടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഏതാനും സെക്കന്‍ഡുകള്‍ക്കകം കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുന്നുകൊണ്ട് തന്നെ അധ്യാപിക കുട്ടിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചില്ല. പൊലീസ് ഈ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചുവരികയാണ്.
കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും അധ്യാപികയ്ക്കും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനൊപ്പം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.
കുട്ടി കുഴഞ്ഞുവീണിട്ടും സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിവരം അറിയിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവ ദിവസം സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന വാദവും പിതാവ് നിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആന്ധ്രപ്രദേശ് മനുഷ്യവിഭവശേഷി വികസന മന്ത്രി നാര ലോകേഷ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അധ്യാപിക കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ആറുവയസുകാരന്റെ മരണം സംഭവിച്ചതെന്ന ആരോപണം ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാധ്യമായ എല്ലാ വിധത്തിലും സര്‍ക്കാര്‍ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.




