Uncategorized

പാറ്റ പരാമർശം: ‘കേന്ദ്രത്തിന്റെ മുഖം വെളുപ്പിക്കാനുള്ള പരാമർശം’; മോഹനൻ കുന്നുമ്മലിനെതിരെ റോജി എം ജോൺ

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. വിസി മാര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മോഹനന്‍ കുന്നുമ്മലിന്റെ പരാമര്‍ശങ്ങളോട് യോജിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ മുഖം വെളുപ്പിക്കാന്‍ ആണ് പരാമര്‍ശം നടത്തുന്നത്. പരാമര്‍ശങ്ങള്‍ സ്വയം മുഖം വികൃതമാക്കുന്നു എന്ന് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസ് വേദിയിലെ പരാമര്‍ശവും വിദ്യാര്‍ത്ഥികളോടുള്ള പാറ്റ പരാമര്‍ശവും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പല വിഷയങ്ങളിലും മന്ത്രി പ്രതികരിച്ചു.

വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും റീവാലുവേഷന്‍ റിസള്‍ട്ട് വരുന്നതിന് മുന്‍പ് സപ്ലിമെന്ററി പരീക്ഷ വിളിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പല സര്‍വകലാശാലകളിലും ഇത്തരം അപാകതകള്‍ നിലനില്‍ക്കുന്നുവെന്നും ഇരട്ട മൂല്യനിര്‍ണയം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്നും റോജി എം ജോണ്‍ പറഞ്ഞു. നിയമ വിദ്യാര്‍ത്ഥികളുടെ സമരം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അപാകതകള്‍ പരിശോധിച്ച് പരിഷ്‌കരിക്കുമെന്നും റോജി എം ജോണ്‍ പറഞ്ഞു. പരീക്ഷ കലണ്ടര്‍ ഉള്‍പ്പടെ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിസ തോമസിന്റെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സിസ തോമസിന്റെ പരാതിയുണ്ടെന്നും കേസ് അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയാണെന്നും റോജി എം ജോണ്‍ പറഞ്ഞു. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും നടപടിയുണ്ടാകുമെന്നും റോജി എം ജോണ്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ശവമഞ്ച സമരത്തെ മന്ത്രി വിമര്‍ശിച്ചു. ഇത്തരം സമരരീതികള്‍ നടത്തി സ്വയം അപഹാസ്യരാകുന്നുവെന്നും പിന്നീട് നടത്തുന്ന ന്യായീകരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും മന്ത്രി പറഞ്ഞു. തികച്ചും അപരിഷ്‌കൃതമായ സമര രീതി ആണ് നടത്തിയതെന്നും മന്ത്രി വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button