Uncategorized
കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായ സംഭവം; പിന്നിൽ വന്‍ റാക്കറ്റ്

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന്. കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ റാക്കറ്റ് മുമ്പും പലരില്‍ നിന്നും പണം തട്ടിയതായാണ് വിവരം. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. പല വ്യക്തികളുടെയും റവന്യൂ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. പിടിയിലായ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സ്വത്തുക്കളില്‍ വിശദമായ പരിശോധന നടത്തും. പത്ത് ലക്ഷം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ജോസഫ് ആന്റണിയും രണ്ട് ഏജന്റുമാരും പിടിയിലാവുന്നത്. ഇടനിലക്കാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായാണ് കൈക്കൂലിയായി ലഭിക്കുന്ന പണം വീതിച്ച് നല്‍കിയിരുന്നത്.




