Uncategorized

കുണ്ടറ പൊലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

കൊല്ലം: കുണ്ടറ പൊലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ്(23) ആണ് കരുതൽതടങ്കലിൽ നിന്ന് ചാടി പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.

രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവർ ടൂൾസ്കടയിൽ നിന്നു വയറിങ്, പ്ലബിം​ഗ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകയ്ക്കെടുത്തതായി അറിഞ്ഞു. ഇത് സംശയം കൂടുതൽ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാൻ വൈജേഷ് എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചത്. വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ പൊലീസുകാർ മറന്നുപോയി. ഇന്ന് പുലർച്ചെ 1.30ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ആള് കുറവായിരുന്നതും രക്ഷപ്പെടാൻ സൗകര്യമായി. തുടർന്ന് വൈജേഷിനായി നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button